പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഒമാനിലെ കൂട്ടായ്മകള്‍

പ്രൊഫ. എം.കെ സാനു
പ്രൊഫ. എം.കെ സാനു

മസ്‌കറ്റ്: പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തില്‍ ഒമാനിലെ കൂട്ടായ്മകള്‍ അനുശോചനം രേഖപ്പെടുത്തി. കൈരളി ഒമാന്‍, മലയാളം മിഷന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നീ കൂട്ടായ്മകളാണ് അനുശോചനം അറിയിച്ചത്.

'പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം'

പ്രൊഫ. എം.കെ. സാനുമാഷിന്റെ വിയോഗത്തില്‍ കൈരളി ഒമാന്‍ അനുശോചിച്ചു. ജീവചരിത്രകാരന്‍, നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, നിയമസഭാസാമാജികന്‍ തുടങ്ങിയ നിലകളില്‍ മലയാള സാഹിത്യ- സാമൂഹിക- രാഷ്ട്രീയ ചക്രവാളങ്ങളില്‍ അരനൂറ്റാണ്ടിലധികം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.കെ. സാനുവെന്ന് കൈരളി ഒമാന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അനുശോചിച്ചു. ശ്രീ നാരായണ ഗുരു ദര്‍ശങ്ങളിലെ മാനവികതയും ലാവണ്യവും ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച മാഷിന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും അനുശോചനക്കുറിപ്പില്‍ പറയുന്നു.

'ആശാന്റെ വരികള്‍ അന്വര്‍ഥമാക്കി'

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും പ്രഗത്ഭ അധ്യാപകനും പ്രഭാഷകനുമായ എം.കെ. സാനുവിന്റെ വിയോഗത്തില്‍ മലയാളം മിഷന്‍ ഒമാന്‍ അനുശോചനമറിയിച്ചു. സയന്‍സ് അധ്യാപകനായിരുന്ന മാഷ് മലയാളത്തിന് മുതല്‍ക്കൂട്ടായി മാറിയ ഒട്ടനേകം ഗ്രന്ഥങ്ങള്‍ ഭാഷയ്ക്ക് സമ്മാനിച്ചു. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കവികളായിരുന്ന കുമാരനാശാന്‍, ചങ്ങമ്പുഴ തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയാണ്. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍' എന്ന കുമാരനാശാന്റെ വരികള്‍ ഉള്‍ക്കൊണ്ട് ജീവിച്ച സാനുമാഷിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കുടുംബങ്ങള്‍ക്കൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും മലയാളം മിഷന്‍ ഒമാന്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

'നവോത്ഥാന പിന്തുടര്‍ച്ചയ്ക്ക് വെളിച്ചമേകി'

അധ്യാപകന്‍, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സാനു മാഷിന്റെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം. എക്കാലത്തും പുരോഗമന പക്ഷത്ത് അടിയുറച്ചുനിന്ന മാഷിന്റെ കൃതികളും, പ്രഭാഷണങ്ങളും കേരളയീയ നവോത്ഥാന പിന്തുടര്‍ച്ചക്ക് വെളിച്ചമേകി. മാഷിന്റെ വേര്‍പാടില്‍ കേരളവിഭാഗം അനുശോചനം രേഖപെടുത്തുന്നതായി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

Content Highlights: Oman`s Kerala community mourns the passing of renowned writer, academic, and activist Prof. MK Sanu