ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന് 25 വർഷം: രജതജൂബിലി ഓണാഘോഷം സെപ്റ്റംബർ 18ന്

മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ – കേരള വിഭാഗത്തിന്റെ 25-ാം വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 18ന് വൈകുന്നേരം ആറ് മണിക്ക് റൂവിയിലെ അൽ ഫലജ് ഹോട്ടൽ ഹാളിൽ നടക്കും.

ഒമാനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമൂഹ്യക്ഷേമ പ്രവർത്തന മേഖലകളിൽ കാൽനൂറ്റാണ്ടായി സജീവമായി പ്രവർത്തിച്ചുവരുന്ന കേരള വിഭാഗത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നതിനൊപ്പം, മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന പ്രതീകമായ ഓണത്തെ വൈവിധ്യമാർന്ന കലാപരിപാടികളോടെ വരവേൽക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഓണം പ്രവാസഭൂമിയിലും പ്രത്യേകമായ വൈകാരികതയോടെയാണ് ആഘോഷിക്കപ്പെടുന്നത്.

നാടിന്റെ ഓർമ്മകളും കേരളീയ കലാരൂപങ്ങളും സംഗീതവും പാരമ്പര്യങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള അവസരമായി ഓണാഘോഷത്തെ കേരള വിഭാഗം കാണുന്നു.

ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്തംബർ 18ന് രാവിലെ 11 മണിക്ക് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ ശ്രീമതി തവ്ഷി ബെഹൽ പാണ്‌ഡേ ഓണാഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്കും അംഗങ്ങൾക്കുമായി ഓണസദ്യ ഉണ്ടായിരിക്കും.

ഒമാനിലെ ഇന്ത്യൻ അംബാസഡർ ശ്രീ. പ്രശാന്ത് പിസെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഒമാനിലെ വ്യവസായ പ്രമുഖനും ഒമാൻ നാഷണൽ യുനിവേർസിറ്റി ചാൻസലറുമായ ഡോ. പി. മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ. എം. എന്നിവർ ഗസ്റ്റ് ഓഫ് ഹോണർ ആയി ചടങ്ങിൽ പങ്കെടുക്കും.

2001 മാർച്ച് 29 ന് ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച കേരള വിഭാഗം, ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ മുൻനിർത്തി വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു.

കലാ–സാംസ്കാരിക പരിപാടികൾ, സാഹിത്യ സംരംഭങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും പരിശീലനങ്ങളും, വനിതാ കേന്ദ്രീകൃത പ്രവർത്തനങ്ങൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.

പ്രവാസത്തിന്റെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളിൽ ഇടപെടുന്നതിനൊപ്പം, മലയാള ഭാഷയുടെയും കേരളീയ കലാ–സാംസ്കാരിക പാരമ്പര്യത്തിന്റെയും തുടർച്ച ഉറപ്പാക്കുന്നതിനും വിഭാഗം ശ്രദ്ധ നൽകി.

അനിത ഷെയ്ഖിന്റെ നേതൃത്വത്തിൽ സംഗീതവിരുന്ന്

രജതജൂബിലി ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പ്രശസ്ത ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ലൈവ് ബാൻഡ്.

മലയാളികൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾക്കൊപ്പം വിവിധ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഉൾപ്പെടുന്ന സംഗീതപരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് സംഗീതവിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം കേരള വിഭാഗത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടിയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.

കേരളീയ കലാപാരമ്പര്യത്തിന്റെ വിവിധ തലങ്ങളെ സമകാലിക അവതരണശൈലിയുമായി കൂട്ടിച്ചേർത്താണ് നൃത്താവിഷ്‌കാരം ഒരുക്കുന്നത്. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായിരിക്കും.

സ്വന്തം കലാകാരന്മാർക്ക് പരിശീലനത്തിനും അവതരണത്തിനും വേദിയൊരുക്കുന്ന പ്രവർത്തനങ്ങൾക്ക് കേരള വിഭാഗം എന്നും പ്രാധാന്യം നൽകിവരുന്നു.

പുതുതലമുറയ്ക്ക് കൂടുതൽ പ്രാധാന്യം

രജതജൂബിലിക്ക് ശേഷം കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻഗണന.

കല, സാഹിത്യം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പരിപാടികൾ കൂടുതൽ വിപുലപ്പെടുത്തും.

ഒമാനിൽ വളരുന്ന പുതിയ തലമുറയ്ക്ക് മലയാള ഭാഷയെയും കേരളത്തിന്റെ ചരിത്രം, സാഹിത്യം, കല, സംസ്കാരം എന്നിവയെയും പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും വരും വർഷങ്ങളിൽ പ്രാധാന്യം നൽകും.

കേരള വിഭാഗത്തിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ നൽകിയ പിന്തുണയെ സംഘാടകർ നന്ദിയോടെ സ്മരിച്ചു.

രജതജൂബിലി–ഓണാഘോഷത്തിന്റെ വാർത്തയും പരിപാടിയുടെ പ്രത്യേകതകളും ഒമാനിലെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു.

പ്രവർത്തനങ്ങളുടെ കാൽനൂറ്റാണ്ട് പിന്നിടുന്ന കേരള വിഭാഗം, പാരമ്പര്യത്തിന്റെ കരുത്തും പുതിയ തലമുറയുടെ സർഗാത്മകതയും ചേർത്തുപിടിച്ച് മുന്നോട്ടുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്.

രജതജൂബിലിയുടെ ഓർമ്മകളും ഓണത്തിന്റെ സാംസ്കാരിക ചൈതന്യവും സംഗീതവും നൃത്തവും ചേർന്ന ഒരു വേറിട്ട ആഘോഷമായിരിക്കും സെപ്റ്റംബർ 18-ന് അൽ ഫലജ് ഹോട്ടലിൽ അരങ്ങേറുക.

Content Highlights: Indian Social Club Oman Kerala Wing is celebrating its 25th anniversary and Onam on September 18., The event takes place at Al Falaj Hotel hall in Ruwi, Muscat., Inauguration by Indian Embassy Deputy Chief of Mission Smt. Tavshi Behal Pandey., Special musical concert led by singer Anita Shaiq alongside cultural dance performances.