ഐഒസി ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ചാപ്റ്റർ സെക്രട്ടറി സജീവ് ജോസഫ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്യാം മോഹൻ അധ്യക്ഷത വഹിച്ചു. ഇന്ദിരാ ഗാന്ധിയെ പോലുള്ള നേതാക്കളെ സ്മരിക്കുന്നത് പോലും നിലവിലെ സാഹചര്യത്തിൽ വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് ശ്യാം മോഹൻ സൂചിപ്പിച്ചു.
അലിഷ ഫാത്തിമ ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് പ്രസംഗിച്ചു. ഐഒസി ഒമാൻ മീഡിയ കോർഡിനേറ്റർ സുഹാന മുസ്തഫ ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു. ഊമയായ പാവ എന്ന വിളിയിൽ നിന്ന് ഭാരത ദുർഗ്ഗ എന്ന നിലയിൽ ആളുകളെ കൊണ്ട് മാറ്റിപറയിപ്പിക്കാൻ സാധിച്ചുവെന്നതാണ് ഒരു വനിതാ നേതാവ് എന്ന നിലയിൽ ഇന്ദിരാ ഗാന്ധി ഇന്ത്യൻ ജനതക്ക് നൽകുന്ന എറ്റവും വലിയ സന്ദേശമെന്ന് സുഹാന പറഞ്ഞു.
ഗോപകുമാർ പി.ജി, രാഹുൽ എൻ.മണി, ഫിറോസ് റെഹ്മാൻ, ഡോ ശബാബ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിക്ക് നിയാസ് മുഹമ്മദ് നന്ദി പറഞ്ഞു. സുഹൈൽ ഫവാദ്, വിനു ഹാഫ, മനോജ്, അനിൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Content Highlights: Indira Gandhi Commemoration in Oman by IOC Kerala Chapter