ഹോർമുസ് വിഷയത്തിൽ ഇന്ത്യൻ പിന്തുണ; നന്ദിയറിയിച്ച് ഒമാൻ

മസ്കറ്റ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യയും ഒമാനും ചർച്ച ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ദ്വിദിന ഒമാൻ സന്ദർശനത്തിനിടെയാണ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടന്നത്.
ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം, സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ, വ്യാപാരം, നിക്ഷേപം, സമുദ്രസുരക്ഷ, ഗതാഗതം, പ്രതിരോധം, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവയും ചർച്ചയായി. വിഷയത്തിൽ ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് ഒമാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ജയശങ്കറിന്റെ മൂന്നാമത്തെ ഒമാൻ സന്ദർശനമാണിത്. ഒമാനിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദർശനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ന്യൂയോർക്കിലേക്ക് തിരിച്ചു.