ഗുരുദർശനത്തിന്റെ മഹത്തായ സന്ദേശം ലോകമെമ്പാടും എത്തിക്കണം: ചാണ്ടി ഉമ്മൻ എം.എൽ.എ.

മസ്കറ്റ്: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുവർഷം 172 ആഘോഷം ഗൾഫ് കോളേജ് അങ്കണത്തിൽ പ്രൗഢഗംഭീരമായി നടന്നു. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായ ചടങ്ങിൽ എസ്.എൻ.ഡി.പി. യോഗം കൗൺസിൽ അംഗം പി.ടി. മന്മഥൻ, മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയൻ ചെയർമാൻ എൽ. രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ യൂണിയൻ കൺവീനർ ജി. രാജേഷ് സ്വാഗതം ആശംസിച്ചു. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യസ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന കൂട്ടായ്മയായി ഗുരുവർഷം 172 മാറിയതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
ഗുരുദർശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കേണ്ടത് തന്റെ ജീവിതലക്ഷ്യങ്ങളിലൊന്നാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. പിതാവ് ഉമ്മൻ ചാണ്ടിയോടൊപ്പം ചെറുപ്പത്തിൽ ശിവഗിരി സന്ദർശിച്ചതും പിന്നീട് എം.എൽ.എയായശേഷം അവിടെയെത്തിയതുമായ അനുഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. കാലാതിവർത്തിയായ ഗുരുദേവ ദർശനങ്ങൾ ഇന്നത്തെ ലോകത്തിന് ഏറെ ആവശ്യമുള്ള മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് പകരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുദേവന്റെ ആശയങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി വത്തിക്കാൻ, ഓസ്ട്രേലിയ, മൗറീഷ്യസ്, യു.എ.ഇ. തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ സന്ദർശനങ്ങളും അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ഗുരുദേവൻ മുന്നോട്ടുവച്ച സർവമത സൗഹാർദത്തിന്റെയും മനുഷ്യ ഐക്യത്തിന്റെയും സന്ദേശം ആഗോളതലത്തിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദേവന്റെ ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനത്തിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് വിവിധ രാജ്യങ്ങളിൽ സർവമത സംഗമങ്ങൾ സംഘടിപ്പിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മനുഷ്യരെല്ലാം ഒന്നാണെന്ന ഗുരുദേവ ദർശനം ഇന്ത്യയുടെ മഹത്തായ മാനവിക കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും സമാനമായ മാനവിക ചിന്തകൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മതം, ഭാഷ എന്നിവയുടെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സമീപനമാണ് ലോകത്തിന് ആവശ്യം. കുട്ടികളിൽ ചെറുപ്പം മുതൽ ഗുരുദേവന്റെ ആശയങ്ങളും ആത്മീയ മൂല്യങ്ങളുടെ മാനവികമായ ഉള്ളടക്കവും വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതസൗഹാർദത്തിന്റെ പ്രായോഗിക മാതൃകയായി എസ്.എൻ.ഡി.പി. ഒമാൻ യൂണിയന്റെ പരിപാടികളിൽ ഒരു മുസ്ലിം സഹോദരി അവതാരകയായി പ്രവർത്തിക്കുന്നതും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഗുരുദേവ ദർശനം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം കൂട്ടായ്മകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശംസാപ്രസംഗത്തിൽ എസ്.എൻ.ഡി.പി. യോഗം കൗൺസിൽ അംഗം പി.ടി. മന്മഥൻ, ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെക്കാലം പിന്നിട്ടിട്ടും ലോകമെമ്പാടും പ്രസക്തി വർധിച്ചുവരുന്നതിന്റെ കാരണം അതിന്റെ സാർവലൗകിക മാനവികതയാണെന്ന് പറഞ്ഞു. ജാതി, മതം, വർഗം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ഗുരുദേവന്റെ കാഴ്ചപ്പാട് ലോകത്തിന് എന്നും വഴികാട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുദേവനെപ്പോലുള്ള മഹാന്മാരെ വിലയിരുത്തേണ്ടത് അവരുടെ വ്യക്തിത്വത്തിലൂടെ മാത്രമല്ല, ലോകത്തിന് മുന്നിൽ അവർ അവതരിപ്പിച്ച ദർശനങ്ങളിലൂടെയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ എല്ലാവരും സാഹോദര്യത്തോടെ ജീവിക്കുന്ന സമൂഹമായിരുന്നു ഗുരുദേവന്റെ സ്വപ്നം.

ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ചരിത്രപ്രാധാന്യം വിശദീകരിച്ച അദ്ദേഹം, വ്യത്യസ്ത മതങ്ങളുടെ അന്തഃസത്ത തിരിച്ചറിയാനും പരസ്പരം മനസ്സിലാക്കാനും ആ സമ്മേളനം ലോകത്തിന് വഴികാട്ടിയായെന്ന് ചൂണ്ടിക്കാട്ടി. “വാദിക്കുവാനും ജയിക്കുവാനുമല്ല, അറിയുവാനും അറിയിക്കുവാനുമാണ്” എന്ന ഗുരുദേവ സന്ദേശം മതങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും അറിവിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, ഗുരുദേവന്റെ ദാർശനിക കൃതിയായ ആത്മോപദേശശതകത്തിലെ മാനവിക മൂല്യങ്ങളും ജീവിതദർശനവും വിശദീകരിച്ചു. “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” എന്ന ഗുരുദേവ വചനത്തെ ആസ്പദമാക്കി, വ്യക്തിയുടെ സന്തോഷത്തിനും നന്മയ്ക്കുമായി ചെയ്യുന്ന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രയോജനകരമാകണമെന്നതാണ് ഗുരുദേവൻ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ക്ഷേമത്തോടൊപ്പം സഹജീവികളുടെ സന്തോഷവും നന്മയും പരിഗണിക്കുന്ന ജീവിതമാണ് യഥാർഥ മാനവികതയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ആദരം
വിദ്യാഭ്യാസം, കായികം, കല തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചത് ആഘോഷത്തിലെ പ്രധാന പരിപാടികളിലൊന്നായി. എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയനു കീഴിലുള്ള വിവിധ ശാഖകളിൽനിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ ഉപഹാരങ്ങൾ കൈമാറി. കായിക-കലാ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച കുട്ടികളെയും അനുമോദിച്ചു. വിദ്യാർഥികളുടെ കഴിവുകളെ അംഗീകരിക്കുകയും തുടർവിജയങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെ പുതുതലമുറയുടെ വളർച്ചയ്ക്ക് പ്രാധാന്യം നൽകുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ഒമാനിലെ വിവിധ എസ്.എൻ.ഡി.പി. ശാഖകളിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് വർണപ്പകിട്ടേകി. ശാഖകളിൽനിന്നുള്ള അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ പ്രവാസി മലയാളികളുടെ വിപുലമായ സാംസ്കാരിക സംഗമമാക്കി മാറ്റി.
ഗായകർ സബാ മൂണും ദേവനാരായണനും അവതരിപ്പിച്ച സംഗീതവിരുന്ന് സദസ്സിന് ഹൃദ്യമായ അനുഭവമായി. ഗാനാവതരണങ്ങൾ ആഘോഷത്തിന്റെ ആവേശം വർധിപ്പിച്ചു.
എസ്.എൻ.ഡി.പി. യോഗം ഒമാൻ യൂണിയൻ കോർ കമ്മിറ്റി അംഗങ്ങളായ ഡി. മുരളീധരൻ, കെ.ആർ. റിനേഷ്, ബി. ഹർഷകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വസന്തകുമാർ എന്നിവരടക്കമുള്ള യൂണിയൻ ഭാരവാഹികളും വിവിധ ശാഖാ പ്രതിനിധികളും പ്രവർത്തകരും ആഘോഷത്തിന്റെ വിജയത്തിനായി നേതൃത്വം നൽകി.
ഗുരുദേവന്റെ മാനവികത, സമത്വം, മതസൗഹാർദം എന്നീ ആശയങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം ഒമാനിലെ പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്ന വേദിയായി ഗുരുവർഷം 172 മാറി. ജാതി-മത വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകണമെന്ന ഗുരുദേവ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ആഘോഷം സമാപിച്ചത്.