കർണന്റെ കഥപറഞ്ഞ് ‘വീൽ ഓഫ് ചോയ്സസ്’ നൃത്തനാടകം പാരീസിൽ അരങ്ങേറി

#ന്യൂസ് ഡെസ്ക്
നൃത്തനാടകം ടീം
നൃത്തനാടകം ടീം

പാരീസ്: ഫ്രാൻസിലെ ഇന്ത്യൻ കലാസാംസ്കാരിക സംഘടനയായ അസോസിയേഷൻ രംഗ് ദേ ഫ്രാൻസും ലെവൽഅപ്പ് ക്രൂ ഡാൻസ് ടീമും സംയുക്തമായി സംഘടിപ്പിച്ച ‘വീൽ ഓഫ് ചോയ്സസ്’ എന്ന നൃത്തനാടകം പാരീസിലെ തിയേറ്റർ ലെ ബ്രൂയി വേദിയിൽ അരങ്ങേറി.

ഡൽഹി ആസ്ഥാനമായ പ്രശസ്ത ഭാരതനാട്യം കലാകാരി ശ്രേയസി ഗോപിനാഥ് ആണ് ഈ നൃത്തനാടകം നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത്. മഹാഭാരതത്തിലെ മഹാവീരനായ കർണന്റെ ജീവിതവും അദ്ദേഹം എടുത്ത നിർണായക തീരുമാനങ്ങളും ആസ്പദമാക്കിയാണ് ഈ കലാരൂപം ഒരുക്കിയത്.

ഭാരതനാട്യ ശൈലിയിൽ അവതരിപ്പിക്കപ്പെട്ട ഈ പരിപാടിയിൽ 14 നർത്തകർ അണിനിരന്നു. കർണന്റെ ജീവിതത്തിലെ ധാർമിക സംഘർഷങ്ങൾ, സൗഹൃദം, വിശ്വസ്തത, വിധി, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കലാപരമായി ആവിഷ്കരിച്ചതിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നൃത്തനാടകത്തിന് സാധിച്ചു.

കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ ഫ്രാൻസിലെ നിരവധി കലാസ്നേഹികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. കലാപരമായ മികവും ശക്തമായ കഥപറച്ചിലും കൊണ്ട് ‘വീൽ ഓഫ് ചോയ്സസ്’ വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്.

Content Highlights: Successful staging of 'Wheel of Choices' at Théâtre Le Bruy in Paris., Directed and produced by renowned Bharatanatyam artist Shreyasi Gopinath., A thematic exploration of Karna’s life from the Mahabharata., Performance featured 14 dancers showcasing moral dilemmas and loyalty., Well-received by the Indian diaspora and cultural enthusiasts in France.