സംഗീതനിശ സംഘടിപ്പിച്ചു

.
.

ഹൂസ്റ്റണ്‍: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വിജയിച്ച നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് സഹായത്തിനുള്ള ധനശേഖരണാര്‍ത്ഥം ഹൂസ്റ്റണിലെ സെന്റ് ജോസഫ് ഹാളില്‍ സിതാര കൃഷ്ണകുമാര്‍ ഗായകരായ ഹരീഷ് ശിവരാമകൃഷ്ണന്‍ ജോബ് കുര്യന്‍ എന്നിവരുടെ സംഗീതനിശ സംഘടിപ്പിച്ചു.

മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍  ഹൂസ്റ്റണ്‍ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ തുടങ്ങിവച്ച ഓരോ വര്‍ഷവും അന്‍പതിനായിരം രൂപാ വീതം പത്തു കുട്ടികള്‍ക്ക് നല്‍കിവരുന്ന  സ്‌കോളര്‍ഷിപ്പ്  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ വിജയിച്ചു നില്‍ക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ടത് meahouston.2022scholarship@gmail.com എന്ന വിലാസത്തിലോ https://meahouston.org/scholarship/ എന്ന വെബ്‌സൈറ്റിലോ അപേക്ഷിക്കാവുന്നതാണ്.

ഇനിയും ഈ സഹായം കൂടുതല്‍ കുട്ടികളിലേക്ക്  എത്തിക്കുവാന്‍ മലയാളി എന്‍ജിനിയേര്‍സ് അസോസിയേഷന്‍ പ്രതിഞ്ജാബദ്ധമാണെന്ന് പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഈ സംഗീത നിശയിലെ ഗായകര്‍ക്കും ഹൂസ്റ്റണ്‍ നിവാസികള്‍ക്കും പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു. 

എല്ലാ വര്‍ഷവും മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ നടത്തിവരാറുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് 2022 ഡിസംബര്‍ മാസം പത്താം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മിസോറി സിറ്റിയിലുള്ള  ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് EUPHORIA'22  എന്ന പേരില്‍ നടത്തുന്നു. ഈ വര്‍ണോജ്ജ്വലമായ കലാപരിപാടികള്‍ ആഘോഷമാക്കുവാന്‍ മലയാളി എന്‍ജിനിയേര്‍സ് അസോസിയേഷന്‍ കുടുംബങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി

Content Highlights: musical night