യൂറോപ്പിലും ഈജിപ്തിലും ആഡംബര റിസോർട്ടുകളുമായി ബുര്‍ജ് ഖലീഫയുടെ ശില്‍പി

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ നിര്‍മ്മിച്ച ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലബ്ബാര്‍ തന്റെ ബിസിനസ് സാമ്രാജ്യം യുഎഇയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിപ്പിക്കുന്നു. ദുബായ് മാള്‍ ഉള്‍പ്പെടെ വന്‍കിട നിര്‍മ്മാണങ്ങള്‍ക്കുശേഷം അബുദാബി ആസ്ഥാനമായ ഈഗിള്‍ ഹില്‍സ് എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ യുഎഇക്ക് പുറത്തുള്ള അന്താരാഷ്ട്ര വിപണിയിലേക്കാണ് അദ്ദേഹം ചുവടുറപ്പിക്കുന്നത്. ഒരു ബില്യന്‍ ജനസംഖ്യയുള്ള സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് ഈഗിള്‍ ഹില്‍സ് വഴി ഈജിപ്ത്, സെര്‍ബിയ, മഡഗാസ്‌കര്‍ എന്നിവിടങ്ങളിലാണ് കൂറ്റന്‍ പദ്ധതികള്‍ നടപ്പാക്കുന്നത്.
ഈജിപ്തിലെ മെഡിറ്ററേനിയന്‍ തീരത്തെ മരാസ്സി ബീച്ച് റിസോര്‍ട്ട്, സെര്‍ബിയയിലെ ബെല്‍ഗ്രേഡ് വാട്ടര്‍ഫ്രണ്ട്, അല്‍ബേനിയന്‍ തീരത്തെ വികസനം, ജോര്‍ജിയയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 5.5 ബില്യന്‍ ഡോളറിന്റെ നിക്ഷേപം എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഈ അതികായകന്റെ പുതിയ പദ്ധതികള്‍. മഡഗാസ്‌കര്‍, മോണ്ടിനെഗ്രോ, നോര്‍ത്ത് മാസിഡോണിയ എന്നിവിടങ്ങളില്‍ ആഡംബര റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനുള്ള കോടികള്‍ വിലമതിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. അതത് രാജ്യങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്, നികുതി വരുമാനം വര്‍ധിപ്പിക്കുകായണ് ലക്ഷ്യമെന്ന് മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റില്‍ മാത്രം ഒതുങ്ങിനിന്നില്ല അലബ്ബാറിന്റെ സ്വപ്നങ്ങള്‍. 2016-ല്‍ മിഡിലീസ്റ്റില്‍ ആമസോണിന് എതിരാളിയായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണ്‍ ഡോട്ട് കോം അദ്ദേഹം ആരംഭിച്ചു. വിമര്‍ശകര്‍ ആദ്യം ഈ സംരംഭത്തെ കോടീശ്വരന്റെ മോഹമായി തള്ളികളഞ്ഞു. എന്നാല്‍ അലബ്ബാര്‍ വെല്ലുവിളികളെ അവസരങ്ങളാക്കികൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി ചേര്‍ന്ന് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ഗ്രൂപ്പായ അമേരിക്കാനയില്‍ ഓഹരിയിറക്കി. യുഎഇയിലെ ഡിജിറ്റല്‍ ലെന്‍ഡറായ സാന്‍ഡ് ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് മുഹമ്മദ് അലബ്ബാര്‍.
ആരെയും ത്രില്ലടിപ്പിക്കുന്നതാണ് മുഹമ്മദ് അലബ്ബാറിന്റെ ജീവിതകഥ. ദുബായിയെ ഒരു ആഗോളകേന്ദ്രമായി പരിവര്‍ത്തനം ചെയ്തവരില്‍ മുന്നിലാണ് അദ്ദേഹം. ദുബായ് മാള്‍ മുതല്‍ ബുര്‍ജ് ഖലീഫ വരെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പരിവര്‍ത്തനത്തിന്റെ അടയാളങ്ങളാണ്. 1956 നവംബര്‍ എട്ടാം തിയ്യതി ഒരു മത്സ്യബന്ധനതൊഴിലാളിയുടെ 12 മക്കളില്‍ മൂത്തവനായാണ് മുഹമ്മദ് അലബ്ബാര്‍ ജനിച്ചത്. ഒരു അറബി പായ്ക്കപ്പലിലെ കപ്പിത്താന്‍ ആയിരുന്ന പിതാവ് ഗള്‍ഫിലുടനീളം ഈന്തപ്പഴവും മുത്തും വ്യാപാരം ചെയ്തിരുന്നയാളായിരുന്നു. ഒരു പലചരക്ക് കപ്പല്‍ ക്യാപ്റ്റന്റെ മകനായി സര്‍ക്കാര്‍ നല്‍കിയ രണ്ട് മുറിയുള്ള വീട്ടില്‍ വളര്‍ന്നതിന്റെ കഥ അലബ്ബാറിന് പറയാനുള്ളത്.
ആദ്യകാല പാഠങ്ങള്‍ അലബ്ബാറില്‍ ചെറിയ പ്രായത്തില്‍ തന്നെ ബിസിനസിനോടുള്ള ആഭിമുഖ്യം വളര്‍ത്തി.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വാഷിംഗ്ടണിലെ സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. 1981-ല്‍ ദുബായിലേക്ക് തിരിച്ചെത്തിയ അദ്ദേഹം യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ ചേര്‍ന്നു. സമ്പദ്വ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വളരുന്നതെന്നും അവിടെവച്ച് പഠിച്ചു. ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ ആദ്യത്തെ ഡയറക്ടര്‍ ജനറലായി അദ്ദേഹം നിയമിക്കപ്പെട്ടു. അവിടെ വച്ചാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അദ്ദേഹം കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടല്‍ അലബ്ബാറിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. ദുബായുടെ ടൂറിസം മേഖലയില്‍ ഇരുവരും ഒരുമിച്ച് രൂപംനല്‍കിയ പദ്ധതികള്‍ വലിയ കുതിപ്പേകി.
1997-ലാണ് അലബ്ബാര്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപിച്ചത്. ഇന്ന് ആഗോള റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ ഏറ്റവുമധികം മൂല്യമുള്ള കമ്പനികളിലൊന്നാണ് ഇമാര്‍ പ്രോപര്‍ട്ടീസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മാള്‍, ദുബായ് ഫൗണ്ടെയ്ന്‍, ബുര്‍ജ് ഖലീഫ എന്നിവ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വികസിപ്പിച്ചു. മരുഭൂമിയിലെ ഹൈമനോകാലിസ് എന്ന പുഷ്പത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബുര്‍ജ് ഖലീഫയുടെ രൂപകല്പന. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ പ്രോപ്പര്‍ട്ടി കമ്പനികളിലൊന്നാണ് ഇമാര്‍. അതിന്റെ മൂല്യം ഏകദേശം നാല് ലക്ഷം കോടി രൂപയിലേറെയാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അടുത്ത സഹായിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിദേശ യാത്രകളില്‍ അനുഗമിക്കുന്നയാളുമാണ് മുഹമ്മദ് അലബ്ബാര്‍. തടസങ്ങളില്ലാതെ ഒരു സാമ്രാജ്യവും കെട്ടപ്പടുക്കാനാവില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ് അലബ്ബാറിന്റെ ബിസിനസ് യാത്ര. അലബ്ബാറിന്റെ യുഎഇയിലെ ഏറ്റവും പുതിയ പ്രോജക്ടാണ് ദുബായ് ക്രീക്ക് ടവര്‍. ബുര്‍ജ് ഖലീഫയെ മറികടക്കുക എന്നതാണ് ക്രീക്ക് ടവറിന്റെ ലക്ഷ്യം. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം നേടിയെടുത്തതാണ് ഇന്ന് കാണുന്നതെല്ലാം. ദുബായ് നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അദ്ദേഹം വീണ്ടും മുന്നോട്ടുകുതിക്കുകയാണ്.
Content Highlights: From Burj Khalifa's Visionary: Mohamed Alabbar Expands Empire Beyond UAE Borders