ഓസ്റ്റിന് യൂണിവേഴ്സിറ്റി മലയാളം വിദ്യാര്ത്ഥികള്ക്കൊപ്പം കെഎല്എസ് കേരളപ്പിറവി ആഘോഷിച്ചു

ഓസ്റ്റിന്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില് (കെഎല്എസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ (U.T, Austin) മലയാളം ഡിപ്പാര്ട്ട്മെന്റ് വിദ്യാര്ത്ഥികള്ക്കൊപ്പം മേയേഴ്സണ് കോണ്ഫറന്സ് ഹാളില് വെച്ച് നടത്തി.
സാഹിത്യകാരന് ഇ.സന്തോഷ്കുമാര് മുഖ്യാതിഥിയായി പങ്കെടുത്തു. കേരളസംസ്ഥാനത്തിന്റെ രൂപീകരണചരിത്രത്തെക്കുറിച്ചും ബാസല് മിഷന് പ്രവര്ത്തകനായി കേരളത്തിലെത്തിയ ഹെര്മന് ഗുണ്ടര്ട്ട് മലയാളഭാഷയ്ക്ക് നല്കിയ സംഭാവനകളെക്കുറിച്ചും തുടങ്ങി മലയാളഭാഷാ സംബന്ധമായ നിരവധി വിഷയങ്ങള് അദ്ദേഹം ചര്ച്ച ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മലയാളം പ്രൊഫസറും കെഎല്എസ് അംഗവുമായ ഡോ.ദര്ശന മനയത്ത് പരിപാടികള്ക്ക് നേതൃത്വം നല്കി. കെഎല്എസ് പ്രസിഡന്റ് ഷാജു ജോണ് യോഗത്തില് അധ്യക്ഷത വഹിച്ചു. കെഎല്എസ്സ്. സെക്രട്ടറി ഹരിദാസ് തങ്കപ്പന്, ട്രഷറര് സിവി ജോര്ജ്, ലാന സെക്രട്ടറി സാമുവല് യോഹന്നാന് തുടങ്ങിയവരും ചടങ്ങില് പങ്കെടുത്തു.
സമ്മേളനത്തില് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഏഷ്യന് സ്റ്റഡീസ് ഡയറക്ടറായ ഡോ.ഡൊണാള്ഡ് ഡേവിസ് സന്തോഷ് കുമാറിന്റെ പുതിയ നോവലായ 'തപോമയിയുടെ അച്ഛന്' യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറിക്കായി ഏറ്റുവാങ്ങി. ഓസ്റ്റിന് ദക്ഷിണേഷ്യന് പഠനകേന്ദ്രം മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം, ഹിന്ദി, ഉര്ദു ഭാഷകളില് ബിരുദ/ബിരുദാനന്തര കോഴ്സുകള് നല്കുന്നു.
കൂടുതല് വിവരങ്ങള്ക്ക്:
ഹരിദാസ് തങ്കപ്പന് - 214 763-3079
contact@klsdallas.org
വാര്ത്തയും ഫോട്ടോയും : മാര്ട്ടിന് വിലങ്ങോലില്
Content Highlights: KLS Keralappiravi