കെ.എച്ച്.എന്‍.ജെ. ധനുമാസ തിരുവാതിര ആഘോഷിച്ചു

ന്യൂജേഴ്സി: കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്സിയുടെ (കെ.എച്ച്. എന്‍. ജെ) ധനുമാസ തിരുവാതിര ആഘോഷം ബ്രിഡ്ജ് വാട്ടറിലെ ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വര്‍ണശബളവും അതീവ ഹൃദ്യവുമായി.
ഡിസംബര്‍ 15 ന് 300 ലധികം പേര്‍ പങ്കെടുക്കുകയും 700 ഓളം പേര്‍ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി.
പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച കൗമാരപ്രായക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പ്രായത്തിലുള്ള 22 ടീമുകള്‍ പരമശിവനെയും പാര്‍വതി ദേവിയെയും സ്തുതിക്കുന്ന രാഗങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയ്തു.
കള്‍ച്ചറല്‍ സെക്രട്ടറി ലിഷ ഐശ്വര്യ അതിഥികളെ ക്ഷണിക്കുകയും എംസി ആയ കെഎച്ച്എന്‍ജെ ജനറല്‍ സെക്രട്ടറി രൂപാ ശ്രീധറിനെ പരിചയപ്പെടുത്തുകയും ചെയ്തു.
കെ.എച്ച്.എന്‍.ജെ സ്പിരിച്വല്‍ കോഓര്‍ഡിനേറ്റര്‍ ഡോ.പ്രസാദ് അകവൂര്‍ പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് കെ.എച്ച്.എന്‍.ജെ വനിതാ നേതാക്കള്‍ ചേര്‍ന്ന് ദീപം തെളിച്ചു.
പരിപാടിയുടെ ആദ്യസെഷന്‍ കുട്ടികളുടെയും കൗമാരക്കാരുടെയും തിരുവാതിരയും തുടര്‍ന്ന് മുതിര്‍ന്നവരുടെയും അരങ്ങേറി.
പങ്കെടുത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി പാവാട സെറ്റുകളും എല്ലാ മുതിര്‍ന്നവര്‍ക്കും മനോഹരമായ കേരള സാരികളും അഭിനന്ദന സൂചകമായി സമ്മാനിച്ചു. പരിപാടിയുടെ അവസാനം വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു.
ഒട്ടേറെ പേരുടെ ആത്മാര്‍ത്ഥമായ സഹകരണവും കഠിനാധ്വാനവുമാണ് ഈ മെഗാ പരിപാടി ഇത്ര വിജയകരമാക്കിയത്. ട്രസ്റ്റി അംഗവും തിരുവാതിര കോഓര്‍ഡിനേറ്ററുമായ റുബീന സുധര്‍മന്‍, ട്രസ്റ്റിമാരായ മധു ചെറിയേടത്ത്, ജിതേഷ് നമ്പ്യാര്‍, രവികുമാര്‍, സിന്ധു സുരേഷ്, വനിതാ ചെയര്‍ മാലിനി നായര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആശ അജയ്, സുജ വിമല്‍, ദിലീപ് നായര്‍, വിനോദ് നമ്പ്യാര്‍, ഹരീഷ് കാലടി, സിജി ആനന്ദ്, ട്രഷറര്‍ രഞ്ജിത്ത് പിള്ള, പ്രസിഡന്റ് ലത നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അജിത് ഹരിഹരന്‍ എന്നിവരുടെ അര്‍പ്പണബോധവും പരിശ്രമവും ഇല്ലായിരുന്നെങ്കില്‍ ഈ മെഗാ ഇവന്റ് സാധ്യമാകുമായിരുന്നില്ല.
സംഘടനയുടെ എല്ലാ സംരംഭങ്ങളിലും ഉറച്ച പിന്തുണ നല്‍കുന്ന സമൂഹത്തോട് കെഎച്ച്എന്‍ജെ നന്ദി അറിയിച്ചു.
2024 ലെ അവസാന ഇവന്റ് ആയ ജനറല്‍ ബോഡി മീറ്റിംഗും ലൈഫ് മെംബേഴ്സ് ഫാമിലി നൈറ്റും ഈ ഡിസംബര്‍ 21 ന് നടക്കും.
Content Highlights: KHNJ thiruvathira