ഡാലസ് കേരള അസോസിയേഷന് കേരളപ്പിറവി ആഘോഷം നവംബര് ഒന്നിന്

ഡാലസ്: ഡാലസ് കേരള അസോസിയേഷന് സംഘടിപ്പിക്കുന്ന 2025 കേരളപ്പിറവി ആഘോഷം നവംബര് ഒന്നിന് വൈകീട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാര് ജൂബിലി ഹാളില് നടക്കും.
ഈ വര്ഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും അസോസിയേഷൻ ആര്ട്സ് ഡയറക്ടര് സുബി ഫിലിപ്പ് പറഞ്ഞു.
ഡാലസ് ഫോര്ത്ത്വോര്ത്ത് (DFW) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകള്ക്ക് വേദിയില് തങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാന് അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയില് എത്തുന്ന ഈ പരിപാടി കൂടുതല് ആവേശകരമായിരിക്കും സുബി കൂട്ടിച്ചേര്ത്തു
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങള്, ഭരതനാട്യം, മോഹിനിയാട്ടം, നാടന് നൃത്തം, ഒപ്പന, മാര്ഗംകളി ഗാനങ്ങള് തുടങ്ങിയവ വേദിയെ മനോഹരമാക്കും.
കേരളപ്പിറവി ആഘോഷത്തില് ഏറെ ആകാംക്ഷയുണര്ത്തുന്ന മലയാളി മങ്കയും ശ്രീമാന് മത്സരവും ഉണ്ടായിരിക്കും.
സെക്രട്ടറി മഞ്ജിത് കൈനിക്കരയും മെംബര്ഷിപ്പ് ഡയറക്ടര് വിനോദ് ജോര്ജും വോളണ്ടിയര്മാരെയും പ്രൊസഷന് ഗ്രൂപ്പിനെയും ഏകോപിപ്പിച്ച് പരിപാടി സുഗമമായി നടത്തുന്നതിന് നേതൃത്വം നല്കുന്നു. ഇവരുടെ നേതൃത്വത്തില് മികച്ച കോ-കോര്ഡിനേഷന് ഉറപ്പാക്കിയാണ് ഈ വിരുന്ന് ഒരുക്കപ്പെട്ടിരിക്കുന്നത്.
വാര്ത്തയും ഫോട്ടോയും : പി.പി ചെറിയാന്