ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിച്ചു

എഡിസണ്‍, ന്യു ജേഴ്സി: ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ആദരിച്ചു. എഡിസണ്‍ ഷെറാട്ടണില്‍ നടന്ന സമ്മേളനത്തില്‍ റാന്നി എം.എല്‍.എ പ്രമോദ് നാരായണ്‍ അവാര്‍ഡ് സമ്മാനിച്ചു. എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രന്‍, വി.കെ. ശ്രീകണ്ഠന്‍, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ സുനില്‍ തൈമറ്റം, മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് സമ്മാനിച്ചത്.

പാലക്കാട് സ്വദേശിയായ ജേക്കബ് ചുങ്കത്ത് മാനുവല്‍ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഒരു ദശാബ്ദമായി അമേരിക്കയിലെത്തിയിട്ട്. കൈരളി ടിവിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജേക്കബ്, ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രധാന പരിപാടികളുടെയെല്ലാം വീഡിയോ-ഫോട്ടോഗ്രഫി ചിത്രീകരണവുമായി നിശബ്ദമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. വലിയ സമ്മേളനങ്ങളിലും ചെറിയ പരിപാടികളിലും ഒരേ അര്‍പ്പണബോധത്തോടെ മിഴിവാര്‍ന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകരിലെത്തിക്കുന്ന  മാധ്യമപ്രവര്‍ത്തകരിലൊരാളാണ് ജേക്കബ് മാനുവല്‍.

എം.ടി.എ. ഉദ്യോഗസ്ഥനാണ്. പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ജോ. സെക്രട്ടറി കൂടിയായ ജേക്കബ്, മാധ്യമരംഗത്ത് നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി. വ്യക്തി താത്പര്യങ്ങള്‍ക്ക് ഇടനല്‍കാതെയും പരാതിയോ പരിഭവമോ ഇല്ലാതെയും പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ജേക്കബ് ഏവര്‍ക്കും മാതൃകയാണെന്നും സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു.

Content Highlights: ipcna