വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക്: 52 ശതമാനം തീപ്പൊള്ളലേറ്റ ധനീഷ് നാട്ടിലേക്ക്

ക്വലാലംപൂർ: ധനീഷിന്റെ നാട്ടിലേക്കുള്ള ഈ യാത്ര അതിജീവനത്തിന്റെ അത്ഭുതമാണ്. തിരുവനന്തപുരം സ്വദേശിയും മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയുമായ 33-കാരൻ ധനീഷ് രണ്ടരമാസത്തോളം മരണത്തിനും ജീവിതത്തിനുമിടയിൽ അബോധാവസ്ഥയിൽ പൊരുതി വിജയിച്ച് നാട്ടിലേക്ക് തിരിക്കുകയാണ്. രണ്ട് മാസം മുൻപാണ് മലേഷ്യയിൽ വ്യാജ ജോലി വാഗ്ദാനങ്ങളുടെ വലയത്തിൽ കുടുങ്ങി ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 52 ശതമാനം തീപ്പൊള്ളലേറ്റ് ധനീഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീരത്തിന്റെ പകുതിഭാഗവും അഗ്‌നിക്കിരയായ ധനീഷിന്റെ ചികിത്സാ ചിലവുകൾക്കും പൊള്ളലേറ്റ് തുടങ്ങിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലുടമയും കയ്യൊഴിയുകയായിരുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന ഭാര്യക്കും രണ്ട് കുഞ്ഞുമക്കൾക്കും ഏക ആശ്രയമായിരുന്ന ധനീഷിന്റെ ആരോഗ്യസ്ഥിതി വഷളായതോടെ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ക്യാൻസർ രോഗികൂടിയായ ഭാര്യയുടെ ചികിത്സയും വഴിമുട്ടി.
ഒടുവിൽ മലേഷ്യയിലെ ഇന്ത്യൻ എംബസിയുടെയും നോർക്ക അധികൃതരുടെയും ഇടപെടലാണ് ചികിത്സക്ക് തുണയായത്. ഇന്ത്യൻ എംബസി ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയുടെ ഭാഗമായി തുടർ ചികിത്സ നൽകി വരുന്നതിനിടെയാണ് ധനീഷിന് ബോധം തിരിച്ചു കിട്ടിയത്. നിർധന കുടുംബാംഗവും ഭാര്യ ക്യാൻസർ രോഗിയുമാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചതോടെ ധനീഷിനെ കൈവിടാതെ ചികിത്സയുടെ മുഴുവൻ ചുമതലയും ആശുപത്രി അധികൃതർ ഏറ്റെടുക്കുകയായിരുന്നു.
''ജീവിതം അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയിരിക്കുന്നു,'' എന്നാണ് വൈദ്യപരിചരണത്തിനിടയിൽ അത്ഭുതകരമായി ബോധം വീണ്ടെടുത്തപ്പോൾ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പ്രതികരിച്ചത്. മലേഷ്യയിൽ നിന്ന് ജീവന്റെ പുതുചിറകുകളുമായി തിരുവനന്തപുരത്തേക്ക് പറക്കുന്ന ധനീഷിനെ നാട്ടിലെത്തിക്കുന്നതോടെ നോർക്കയുടെ ലോക കേരള സഭാ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ തുടർചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Content Highlights: A 33-year-old from Thiruvananthapuram, Dhaneesh, returns home after a miraculous survival following 52% burns in Malaysia