'ധര്‍മശാല ടു ഡാലസ്'; കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം

.
.

ഡാലസ്: കണ്ണൂര്‍, ധര്‍മശാല ഗവര്‍ണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് 1996 - 2000 ബാച്ച്, ഡാലസില്‍ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥി സംഗമം അവിസ്മരണീയമായി. അമേരിക്കയിലേക്ക് കുടിയേറിയ 24 പൂര്‍വ വിദ്യാര്‍ത്ഥികളും അവരുടെ കുടുബാംഗങ്ങളൊപ്പം 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നുചേര്‍ന്നു.

ഡാലസിലെ റോക്ക്വാള്‍ മാരിയറ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലായിരുന്നു 'ധര്‍മശാല ടു ഡാലസ്' എന്ന ടാഗ് ലൈനില്‍ പൂര്‍വവിദ്യാര്‍ത്ഥികൂട്ടായ്മ അരങ്ങേറിയത്. 

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗ് 1976 ബാച്ച് സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ ഹേമലത സോമസുന്ദരം വിളക്ക് തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഇന്ത്യയിലും വിദേശത്തുമുള്ള ഈ ബാച്ചിലെ മറ്റു പൂര്‍വ്വവിദ്യാര്‍ഥികളുടെ വീഡിയോ ആശംസാസന്ദേശങ്ങളും പിന്നണി ഗായിക കെ.എസ്.ചിത്രയുടെ ആശംസകളും സംഗമത്തിന് ഇരട്ടി മധുരമായി.

റോബിന്‍സ് മാത്യു, പ്രവീന്‍ സോമസുന്ദരം, ശ്രീജുമോന്‍ പുരയില്‍, സുധാര്‍ ലോഹിതാക്ഷന്‍, ഷൈജു കൊഴുക്കുന്നോന്‍, അനുപ ഉണ്ണി എന്നിവരാണ് കോര്‍ഡിനേറ്ററുമാരായി സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ശ്രീ റാം വൃന്ദ, ജിഷ പദ്മനാഭന്‍, നവീന്‍ കൊച്ചോത്ത്, സിന്ധു നായര്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2000 ബാച്ചിന്റെ സില്‍വര്‍ ജൂബിലിക്കായി വരും വര്‍ഷം തങ്ങളുടെ പ്രിയ കലാലയത്തിന്റെ പടിമുറ്റത്ത് വീണ്ടും സംഗമിക്കാമെന്നുള്ള പ്രതീക്ഷകളുമായാണ് സമ്മേളനത്തിനു തിരശീല വീണത്.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: alumni meet