സെവന്‍ബീറ്റ്സ് സംഗീതോത്സവവും, ഒ.എന്‍.വി അനുസ്മരണവും ഫെബ്രുവരി 22 ന്

.
.

കേംബ്രിജ്: കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും യുകെയിലെ മലയാളി കലാഹൃദയങ്ങളില്‍ ഇടംപിടിച്ച 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ സീസണ്‍ 8, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിജില്‍ അരങ്ങേറുന്നു. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ കലാ-സാംസ്‌കാരിക സാമൂഹിക കൂട്ടായ്മയായ 'കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ (സിഎംഎ)' സീസണ്‍ 8 ന് ആതിഥേയത്വം വഹിക്കും.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒ.എന്‍.വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന സംഗീത ആദരവും 7 ബീറ്റ്‌സ് വേദിയില്‍ അര്‍പ്പിക്കും. ഒപ്പം സംഗീതാസ്വാദകര്‍ക്കായി മതിവരാത്ത മധുരഗാനങ്ങള്‍ വീണ്ടും ആസ്വദിക്കുവാനുള്ള വേദി കൂടിയാവും കേംബ്രിജില്‍ ഉയരുക.

യുകെയില്‍ നിരവധി പുതുമുഖ ഗായകര്‍ക്കും, കലാകാര്‍ക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും, പ്രതിഭയും തെളിയിക്കുവാന്‍ 7 ബീറ്റ്‌സിന്റെ വേദികള്‍ വലിയ അവസരമാണ് ഒരുക്കുന്നത്. സദസിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങള്‍ ഈ വര്‍ഷത്തെ സംഗീതോത്സവത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോര്‍ഡിനേറ്ററായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവര്‍ത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്.

വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാര്‍പാര്‍ക്കിങ്ങ് സൗകര്യവുമുള്ള കേംബ്രിജിലെ 'ദി നെതര്‍ഹാള്‍ സ്‌കൂള്‍' ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വര്‍ഷം വേദിയുയരുക. 

യുകെയിലെ പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ് സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തില്‍ എട്ടാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്.

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: 7 beats music fest and onv anusmaranam