കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം: 56 പേർക്ക് പരിക്ക്, ആറുപേരുടെ നില ഗുരുതരം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ആക്രമണം. മിസൈലും ഡ്രോണുകളും ഉപയോഗിച്ചുള്ളതായിരുന്നു ആക്രമണം. പ്രധാന ടെർമിനലായ ടി 1-ന് നേർക്കാണ് ആക്രമണമുണ്ടായത്. 56 പേർക്ക് പരിക്കേറ്റതായാണ്
പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ വലിയ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (DGCA) അടിയന്തര പ്രവർത്തന പദ്ധതി സജീവമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങളെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന ടെർമിനൽ ഒന്ന് ഈ മാസം ഒന്നാം തീയതിയാണ് തുറന്നത്. എയർ ഇന്ത്യ ഉൾപ്പെടെ വിദേശ വിമാനകമ്പനികൾ സർവീസ് നടത്തുന്ന ടെർമിനൽ ആണ് ഇത്. ഇന്ന് (ബുധനാഴ്ച) രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രെസ് ഐഎക്‌സ് 393 വിമാനം പാതി വഴിയിൽവെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു.
എല്ലാ വിമാന സർവ്വീസുകളും നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയാകും തുടർ തീരുമാനമെന്നും വിമാന കമ്പനി അറിയിച്ചു.
Content Highlights: Drone strike reported at Kuwait International Airport Terminal 1., Multiple casualties reported; victims hospitalized., General Civil Aviation Authority suspended all flight operations., Air India Express flight IX 393 diverted back to Kozhikode., Ministry of Defense has initiated emergency security protocols.