12 ലക്ഷത്തിന്റെ സ്വർണം അബദ്ധത്തിൽ കുപ്പയിൽ കളഞ്ഞ് പ്രവാസി; വീണ്ടെടുത്ത് തിരികെ നൽകി പോലീസ്

#News Desk
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

പ്രവാസി യുവതി അബദ്ധത്തിൽ കുപ്പയിലിൽ കളഞ്ഞത് 50,000 ദിർഹം (ഏകദേശം 12.32 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണം. ദിവസങ്ങൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ പോലീസ് സ്വർണം വീണ്ടെടുത്ത് നൽകിയതോടെയാണ് ആശങ്കയ്ക്ക് ശുഭാന്ത്യമായത്. ദുബായിലാണ് സംഭവം. സ്വർണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി യുവതി പരാതി പോലും നൽകിയിരുന്നില്ല. 23 വർഷം യുഎഇയിൽ ജീവിച്ച ഇന്ത്യക്കാരിയായ കാമിനി കണ്ണൻ എന്ന യുവതിക്കാണ് അനുഭവമുണ്ടായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

2021-ൽ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ കാമിനി ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് ദുബായിലെത്തിയത്. സ്വർണവിലയിൽ അടുത്തിടെയുണ്ടായ ചാഞ്ചാട്ടത്തെ തുടർന്ന് മൂല്യം കണക്കുകൂട്ടാനായി, ഇക്കാലം കൊണ്ട് താൻ വാങ്ങിയ സ്വർണം അവർ പുറത്തെടുത്തു. അതിനിടെയാണ് സ്വർണം സൂക്ഷിച്ചിരുന്ന പൗച്ച് കീറിയ കാര്യം ശ്രദ്ധയിൽപെട്ടത്. തുടർന്ന് തൽക്കാലത്തേക്ക് സ്വർണം മറ്റൊരു പൗച്ചിലേക്ക് മാറ്റി. തീൻമേശയിലാണ് സ്വർണമടങ്ങിയ പുതിയ പൗച്ച് അവർ വെച്ചത്.

പിന്നീട് വീട് വൃത്തിയാക്കുമ്പോഴാണ്, വീണ്ടും ഒരുവട്ടം കൂടി കാമിനി ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവമുണ്ടായത്. പൗച്ചിനുള്ളിൽ സ്വർണമാണെന്ന കാര്യം അറിയാതെ കാമിനിയുടെ മകൻ അത് കുപ്പയിൽ തള്ളുകയായിരുന്നു. എട്ട് ഗ്രാം വീതം ഭാരമുള്ള 22 കാരറ്റിന്റെ സ്വർണനാണയങ്ങളും 50 ഗ്രാം ഭാരമുള്ള 24 കാരറ്റിന്റെ സ്വർണ ബിസ്‌കറ്റുകളുമായിരുന്നു പൗച്ചിൽ ഉണ്ടായിരുന്നത്. ജനുവരി 31-നായിരുന്നു സംഭവം.

അടുത്ത ദിവസം രാവിലെ, ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെയാണ് കുടുംബം തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. നഷ്ടപ്പെട്ട സ്വർണത്തിനായി വീട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. മകൻ പൗച്ച് കുപ്പയിലേക്ക് എറിഞ്ഞുവെന്ന് അറിഞ്ഞതോടെ പ്രതീക്ഷ പൂർണമായും നഷ്ടമായി. സ്വർണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച കാമിനിയും കുടുംബവും പോലീസിൽ പരാതി നൽകിയില്ല.

മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവത്തിൽ 'ട്വിസ്റ്റ്' ഉണ്ടാകുന്നത്. കാമിനിയുടെ മകൻ അഭിമന്യുവിന് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ വന്നു. താമസിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാരനാണ് വിളിച്ചത്. നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ച് അന്വേഷിച്ച് ഒരാൾ വന്നിട്ടുണ്ടെന്നാണ് സുരക്ഷാജീവനക്കാരൻ പറഞ്ഞത്. വന്നത് പോലീസാണെന്ന് പിന്നീടാണ് മനസിലായത്.

തുടർന്നാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. മാലിന്യം ശേഖരിക്കുന്നയാൾക്ക് പൗച്ചിലെ സ്വർണം കിട്ടി. അയാൾ അതുമായി ഗോൾഡ് സൂക്കിലെത്തി. എന്നാൽ സംശയം തോന്നിയ അധികൃതർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞതായി അഭിമന്യു പറഞ്ഞു. കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ചതെന്ന് പറഞ്ഞതോടെ അവർ ഉടമയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

തന്നോട് നയിഫ് പോലീസ് സ്‌റ്റേഷനിലെത്താൻ അധികൃതർ ആവശ്യപ്പെട്ടുവെന്ന് അഭിമന്യു പറയുന്നു. സ്റ്റേഷനിലെത്തി സ്വർണത്തിന്റെ ചിത്രങ്ങളും ബില്ലും എല്ലാം ഹാജരാക്കി അത് തങ്ങളുടേത് തന്നെയാണെന്ന് പോലീസിനെ ബോധ്യപ്പെടുത്തിയതോടെ പോലീസ് സ്വർണം തിരികെ നൽകി. ഏതാനും മണിക്കൂറുകൾ മാത്രമേ നടപടിക്രമങ്ങൾ നീണ്ടുള്ളൂവെന്നും അഭിമന്യു പറഞ്ഞു. അത്രയും അതിശയിപ്പിച്ച ദുബായിനെ താൻ ഏറെ സ്‌നേഹിക്കുന്നുവെന്നും ഇതുപോലെ മറ്റൊരു നഗരവുമില്ലെന്നുമാണ് കാമിനി കണ്ണൻ പ്രതികരിച്ചത്.

Content Highlights: Indian expat Kamini Kannan accidentally threw away gold worth Dh50,000 (₹12.32 lakh) in Dubai. Her son discarded the pouch with trash. Dubai Police recovered the valuables from a suspect at Gold Souk and returned them at Naif Station.