നക്ഷത്രാകാശം തീർക്കുന്ന മേൽക്കൂര, വയർലെസ് ചാർജിങ്, സ്മാർട്ട് സാങ്കേതികവിദ്യകൾ; വിസ്മയം തീർക്കാൻ ദുബായ് മെട്രോ ബ്ലൂ ലൈൻ ട്രെയിനുകൾ

ദുബായ്: യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകളും ആകർഷകമായ നിറങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദുബായ് മെട്രോ ബ്ലൂ ലൈൻ ട്രെയിനുകളുടെ പുതിയ രൂപകല്പന അധികൃതർ പുറത്തുവിട്ടു. അടുത്ത തലമുറയിലെ ഈ മെട്രോ ട്രെയിനുകൾക്ക് ഒറ്റയാത്രയിൽ പരമാവധി 1,246 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ശേഷിയാണ് ഉണ്ടായിരിക്കുക. നിലവിലുള്ള മറ്റ് മെട്രോ ലൈനുകളിലെ പോലെ ഗോൾഡ് ക്ലാസ്, സിൽവർക്ലാസ്, സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള പ്രത്യേക ക്യാബിൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് പുതിയ ട്രെയിനുകളിലും ഉണ്ടാവുക. എന്നാൽ ഓരോ വിഭാഗത്തിലും വിപ്ലവകരമായ മാറ്റങ്ങളും നവീകരണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
ട്രെയിനിന്റെ പുറംഭാഗം പുതിയ എയറോഡൈനാമിക് ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ക്യാബിനുകൾക്കും മോട്ടോറൈസ്ഡ് സ്ലൈഡിങ് വാതിലുകളും, പുറംകാഴ്ചകൾ വ്യക്തമായി ആസ്വദിക്കാൻ കഴിയുന്ന വലിയ പനോരമിക് ജനാലകളും നൽകിയിട്ടുണ്ട്.
ഗോൾഡ് ക്ലാസ് യാത്രക്കാർക്കായി പ്രീമിയം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുറത്തെ താപനിലയും സമയവും കാണിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ, തിരിക്കാവുന്ന ആംറെസ്റ്റുകളും ചാർജിങ് പോയിന്റുകളുമുള്ള ആഡംബര സീറ്റുകൾ, സീറ്റുകൾക്കിടയിൽ വയർലെസ് ചാർജിങ് സംവിധാനം എന്നിവ ഇതിലുൾപ്പെടുന്നു. രാത്രികാല ആകാശത്തെ അനുസ്മരിപ്പിക്കുംവിധം ചെറിയ പ്രകാശബിന്ദുക്കളോടെ രൂപകൽപ്പന ചെയ്ത ’സ്റ്റാറി-സ്കൈ’ മേൽക്കൂരയും ഇന്റലിജന്റ് ലൈറ്റിങ് സംവിധാനവും ഗോൾഡ് ക്ലാസിന് സവിശേഷമായ അനുഭവം നൽകും.
സിൽവർ ക്ലാസിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് വ്യത്യസ്തമായ നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഇതിനുപുറമെ മടക്കിവെക്കാവുന്ന സീറ്റ് സെപ്പറേറ്ററുകളും മുൻഗണനാ യാത്രക്കാർക്കായി രണ്ട് നിറങ്ങളിലുള്ള പ്രത്യേക സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്ന ക്യാബിനെ മറ്റ് ക്യാബിനുകളിൽനിന്ന് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി സീറ്റുകൾക്കും വാതിലുകൾക്കും ’ബ്ലഷ്’ നിറമാണ് നൽകിയിരിക്കുന്നത്.
ഊർജ കാര്യക്ഷമതയിലും സ്മാർട്ട് സാങ്കേതികവിദ്യയിലും പുതിയ ട്രെയിനുകൾ ഏറെ മുന്നിലാണ്. നിലവിലെ സ്റ്റേഷൻ, അടുത്ത സ്റ്റേഷൻ, തീയതി, സമയം, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവ വ്യക്തമായി പ്രദർശിപ്പിക്കുന്ന അത്യാധുനിക സ്ക്രീനുകളും ട്രെയിനുകളിലുണ്ടാകും.
Content Highlights: Capacity to carry up to 1,246 passengers per trip, Features Gold Class, Silver Class, and dedicated women and children cabins, Aerodynamic exterior design with large panoramic windows, Advanced smart technologies and energy efficiency, Luxurious amenities including wireless charging and starry-sky ceiling in Gold Class