പാറ്റകൾ രൂക്ഷം, ഫംഗസ് വളരുന്നു, ഫോർട്ടിസ് ആശുപത്രി അടുക്കളയടച്ചു

മുംബൈ : മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ അടുക്കള നടത്തുന്ന സോഡെക്സോ ഇന്ത്യ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫുഡ് ബിസിനസ് ലൈസൻസ് സസ്പെൻഡ് ചെയ്തു.
പരിശോധനയിൽ പാറ്റകൾ, ഡ്രെയിനേജിൽ ഭക്ഷ്യമാലിന്യം, ഫംഗസ് ബാധിച്ച ഭക്ഷ്യ ഗതാഗത കണ്ടെയ്നറുകൾ, രോഗികൾക്കായി ഭക്ഷണം തയ്യാറാക്കുന്ന തുരുമ്പെടുത്ത കത്തികൾ എന്നിവ കണ്ടെത്തി.
നടപടിയോട് പ്രതികരിച്ച ഫോർട്ടിസ്, രോഗിയുടെ സുരക്ഷ, പരിചരണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവ പരമപ്രധാനമാണെന്ന് പറഞ്ഞു. ബന്ധപ്പെട്ട ഭക്ഷ്യ ബിസിനസ് ലൈസൻസ് കൈവശമുള്ള മൂന്നാംകക്ഷി ഭക്ഷണ സേവന ദാതാവായ സോഡെക്സോ ഇന്ത്യ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഓൺ-പ്രിമൈസ് അടുക്കളയെക്കുറിച്ചുള്ള എഫ്.ഡി.എ.യുടെ ആശയവിനിമയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അറിയിച്ചു.
എഫ്.ഡി.എ. ഉന്നയിച്ച നിരീക്ഷണങ്ങൾ ഞങ്ങൾ ഗൗരവമായി എടുക്കുന്നു, അവ ഉടനടി പരിഹരിക്കാനും ബാധകമായ എല്ലാ ഭക്ഷ്യസുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സേവനദാതാവിന് നിർേദശം നൽകിയിട്ടുണ്ടെന്ന് ആശുപത്രി അറിയിച്ചു. രോഗികൾക്കും അവരുടെ പരിചാരകർക്കും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം തടസ്സമില്ലാതെ നൽകുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമുള്ളിടത്ത് ബദൽ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് ഫോർട്ടിസ് പറഞ്ഞു.