കേരളസമാജം സൂറത്തിന്റെ ഓണാഘോഷം

സൂറത്ത് : കേരള സമാജം സൂറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘പൊന്നോണം 2026’ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കനത്ത മഴയെയും പ്രതികൂലകാലാവസ്ഥയെയും അവഗണിച്ച് ആയിരക്കണക്കിന് പ്രവാസിമലയാളികൾ അഡാജനിലെ ശ്രീമോധ് വണിക് സമാജ് വാടിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു.സെപ്റ്റംബർ 13-ന് രാവിലെ സമാജം പ്രസിഡന്റ് പ്രഭാത് കടവിൽ, ജനറൽ സെക്രട്ടറി ജയിൻ ജോർജ്, അഡ്വൈസറി ബോർഡ് ചെയർമാൻ ടോമി ജോസഫ്, ഫെഗ്മ ജനറൽ സെക്രട്ടറി സുനിൽ നമ്പ്യാർ, ട്രഷറർ വാസുദേവൻ ഒടയാണ്ടത് മറ്റ് സമാജം ഭാരവാഹികൾ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു.

പൂക്കളമത്സരം, വിവിധ കലാമത്സരങ്ങൾ, നൃത്താവിഷ്‌കാരങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ പരിപാടികൾ നടന്നു. രണ്ട് വേദികളിലായി മുപ്പതോളം മത്സര ഇനങ്ങളിൽ മുന്നൂറിലധികം പേർ പങ്കെടുത്തു.3500-ഓളം പേർ പങ്കെടുത്ത ഓണസ്സദ്യ തൃശ്ശൂർ എരുമപ്പെട്ടി സ്വദേശിയും പാചകവിദഗ്ധനുമായ കൃഷ്ണദാസ് നേതൃത്വം നൽകിയ സംഘമാണ് ഒരുക്കിയത്. വൻജനത്തിരക്കിനിടയിലും പരാതികൾക്ക് ഇടനൽകാതെ സദ്യ വിതരണം ചെയ്യുന്നതിൽ വൊളന്റിയർമാരുടെ സേവനം ശ്രദ്ധേയമായി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രഭാത് കടവിൽ, ജനറൽ സെക്രട്ടറി ജയിൻ ജോർജ്, അഡ്വൈസറി ബോർഡ് ചെയർമാൻ ടോമി ജോസഫ്, ഫെഗ്മ ജനറൽ സെക്രട്ടറി സുനിൽ നമ്പ്യാർ, ട്രഷറർ വാസുദേവൻ ഒടയാണ്ടത്, മലയാളം മിഷൻ ഗുജറാത്ത് ചാപ്റ്റർ സെക്രട്ടറി ഷാജി ആന്റണി, വൈസ് പ്രസിഡന്റുമാരായ പത്മ പ്രസാദ്, മനോജ് നായർ, ആർട്‌സ് സെക്രട്ടറി ശാന്തി ശിവൻ, ജോയിന്റ് സ്‌പോർട്‌സ് സെക്രട്ടറി ജോജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത ടെലിവിഷൻ-ടെലിഫിലിം താരം അനീഷ് രവി മുഖ്യാതിഥിയായി.