മാതംഗകന്യാം മനസാ സ്മരാമി

#ആർ.കെ. ദാമോദരൻ

നവരാത്രിമഹാത്മ്യം

കാളീഘട്ടിൽ, കല്പനാകാളിദാസൻ ശരന്നിലാവിന്റെ ശ്യാമളാദണ്ഡകശ്രീലകത്താണ്-അകത്ത് ദാസൻ, പുറത്ത് കാളി... അന്നേപ്പോലെ!

ആവണംകോട് സ്വയംഭൂ സരസ്വതീസവിധത്തിൽ ആദ്യക്ഷരംകുറിച്ച കുരുന്നുശങ്കരൻ മുതിർന്ന് കുടജാദ്രിയിൽനിന്ന് വീണ്ടും മൂകാംബിയംബയെ ഭാർഗവക്ഷേത്രത്തിൽ എത്തിക്കാനുള്ള തന്ത്രമന്ത്രജ്ഞനായി പുനർജനിക്കുകയാണ്!

പള്ളിക്കുന്നും പറവൂരും പനച്ചിക്കാടുമായി പടർന്ന് മഹാമലയാളം ഇന്ന് നവരാത്രിമണ്ഡപമാവുകയാണ്.

ദുർഗാദേവിയെ പൂജിച്ച് പുണ്യപുരുഷാർഥ ജീവിതപാഠാഭ്യസനം അനുഷ്ഠിക്കലാണ് നവരാത്രിപൂജനോദ്ദേശ്യം.

ആരാണ് ഈ ദുർഗ, ശ്രീദുർഗ?

ദേവീഭാഗവതം സപ്തമസ്കന്ധം, ദേവവൈരിയായ അസുരഘോരൻ ‘ദുർഗമ’ന്റെ കഥകഴിച്ച് ദുർഗയായ ദേവിയുടെ വീരകഥ വിവരിക്കുന്നുണ്ട്. ദുർഗമം-വാഗർഥം, കീഴടക്കാൻ പ്രയാസമുള്ളത് എന്നല്ലോ. നവദുർഗ ഇങ്ങനെയാണ് നാരീശക്തിയുടെ അർഥസ്വരൂപിണിയാകുന്നത്, മൂർത്തിസ്വരൂപിണിയാകുന്നത്. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണിയാകുന്നത്. ദുർഗമദുർഗയാകുന്നത്!

‘ത്രിമൂർത്തിശക്തിസംഭൂതാം

ശ്രീവിദ്യാമന്ത്രമാതൃകാം

ശ്രീചക്രമധ്യനിലയാം

ധ്യായേത് മൂകാംബികാം സദാ’

ബ്രഹ്മചൈതന്യമായ സരസ്വതീദേവിയും വിഷ്ണുചൈതന്യമായ ലക്ഷ്മീദേവിയും മഹേശ്വരചൈതന്യമായ ചണ്ഡികാദേവിയും സംഗമിച്ച മഹച്ചക്തിദേവതയാണ് മഹിഷാസുരമർദിനി. ആണൊരുത്തനാലും കൊല്ലപ്പെടരുതെന്ന് ബ്രഹ്മവരംവരിച്ച അഹങ്കാരാസുരമഹിഷന്റെ കഥകഴിച്ചവൾ ഈ ബ്രഹ്മനന്ദിനി, ബ്രഹ്മഭാമിനി! മഹാദ്വൈതി ശ്രീശങ്കരനും മഹാകവി കാളിദാസനും മഹാ ‘വരരാജൻ’ രവിവർമയുമൊക്കെ ഉപാസിച്ചതും മഹാഗായകൻ യേശുദാസ് ഇന്ന്‌ ഉപാസിക്കുന്നതും ഈ പരാശക്തിയെത്തന്നെയാണ്.

ഈ വേദത്രയീമയി ബ്രഹ്മവിദ്യയാകുന്നു. ഗ്രാഹ്യശക്തി (മേധാശക്തി)യും ഗുഡാന്നപ്രീതമാനസയായ ദേവിതന്നെ.

നാം നവരാത്രിയാചരിക്കുന്നത്, ആഘോഷിക്കുന്നത് കാലദംഷ്ട്രകളായെണ്ണുന്ന വസന്ത-ശരദ് കാലങ്ങളിലാണ്. കുമാരീപൂജയടക്കമുള്ള സർവ നവരാത്രി പൂജകളുടെയും വിധാതാവ് വേദവ്യാസമഹർഷിയാണ്.

വിജ്ഞാനാംബയെ പൂജിക്കുന്ന നമ്മൾ, ഭാരതഭാരതീക്ഷേത്രത്തിൽ എഴുത്തിനിരിക്കുന്നു. പുസ്തകം (അകം നിറയ്ക്കുന്നത്) പൂജിക്കുന്നു. കർമകർഷകൻ ആയുധം പൂജിക്കുന്നു. സാമവേദി ‘ആമവീണ’ (കച്ഛപി) പൂജിക്കുന്നു. അക്ഷരാക്ഷമാലജപിച്ച്‌ അക്ഷയജ്ഞാനിയാകുന്നു.

അകാരം അമ്മയാണ്. അഥവാ അകാരാകാരമാണ് അമ്മ. അറിവിൻ ഗർഭഗൃഹിണി അമ്മ!

ആ അമ്മയുടെ ആപാതമധുരവും ആലോചനാമൃതവുമായ സ്തനദ്വയംനുകർന്നാൽ, മാർക്കണ്ഡേയ മഹാമുനി ‘ക്രോഷ്ടുകി’യെ കേൾപ്പിച്ച ദേവീമാഹാത്മ്യം ശ്രവിച്ചാൽ, വേദങ്ങൾ വ്യസിച്ച മഹർഷി മനീഷി വിരചിച്ച ‘ദേവീഭാഗവതം’ നരജന്മനവാഹയജ്ഞേന ഉൾക്കൊണ്ടാൽ വിശ്വജീവിതം ഇദം വിജയദശമിപ്രസാദം!