സത്കർമങ്ങളിലൂടെ ജീവിതത്തിന് പ്രസക്തി കൈവരിക്കാം -മാതാ അമൃതാനന്ദമയി

രണ്ടുദിവസത്തെ മുംബൈ ബ്രഹ്മസ്ഥാന മഹോത്സവത്തിന് ഭക്തിനിർഭര തുടക്കം
മുംബൈ : മാതാ അമൃതാനന്ദമയിയുടെ ദിവ്യസാന്നിധ്യത്തിൽ നവി മുംബൈയിലെ നെരൂൾ ബ്രഹ്മസ്ഥാന മഹോത്സവത്തിന് തിരിതെളിഞ്ഞു. പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള നമ്മുടെ ധർമം നിറവേറ്റു ന്നതിനെയാണ് നല്ല കർമങ്ങൾ എന്ന് പറയുന്നതെന്ന് അമ്മ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.
സൃഷ്ടിയുടെ ആരംഭംമുതൽക്കുതന്നെ പ്രകൃതി, അല്ലെങ്കിൽ ഈശ്വരശക്തി നമ്മളെ പല നല്ലകാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്.
അവയൊക്കെ നമ്മൾ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കിൽ ഇന്നു മനുഷ്യൻ നേരിടുന്ന പല സങ്കീർണങ്ങളായ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നെന്നും അമ്മ പറഞ്ഞു. മഹോത്സവത്തിന്റെ ആദ്യദിനത്തിൽ രാവിലെ 11 -ഓടെ യജ്ഞവേദിയിൽ എത്തിയ അമ്മയെ വിശിഷ്ട വ്യക്തികളായി ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ, ബേലാപ്പൂർ എം.എൽ.എ. മന്ദാതായ് മാത്രേ, ഭോലാനാഥ് പെഹൽ ഫൗണ്ടേഷൻ ഡയറക്ടർ അങ്കുഷ് ഭരദ്വാജ്, വൈശാലി മേനോൻ തുടങ്ങിവർ ഹാരാർപ്പണം ചെയ്തു. ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ സ്മരണികപ്രകാശനവും അമൃത ശ്രീ അംഗങ്ങൾക്കുള്ള സഹായധനവും സാരി വിതരണവും ചടങ്ങിൽ നടന്നു. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ ഭജന, ധ്യാനം ദർശനം എന്നിവയും നടന്നു. എല്ലാവർക്കും അമ്മ ദർശനവും നൽകി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽപൂജകളും നടന്നു. അമലഭാരതം പദ്ധതിയുടെ ഭാഗമായി യജ്ഞവേദിയും പരിസരവും ശുചിയാക്കി.