പുണെയിൽ കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ പ്രകൃതി ചികിത്സ മെഡിക്കൽ കോളേജ്

ഗാന്ധിജി പ്രകൃതി ചികിത്സക്കായി 156 ദിവസങ്ങളോളം താമസിച്ചിരുന്ന ഇടമാണ്
പുണെ : ഗാന്ധിജി പ്രകൃതി ചികിത്സയ്ക്കായി 156 ദിവസങ്ങളോളം താമസിച്ചിരുന്ന പുണെയിലെ ദേശീയ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ കോളേജ് പദവി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി (എൻ.ഐ.എൻ) നടപ്പുവർഷം മുതൽ തുടങ്ങുന്ന അഞ്ചര വർഷത്തെ നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസ് ബിരുദ കോഴ്സ് പ്രവേശനത്തിന് ഇതോടൊപ്പം അപേക്ഷകൾ ക്ഷണിച്ചു.
ന്യൂഡൽഹിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ സംസ്കൃത സർവകലാശാലയുമായി അക്കാദമിക് അഫിലിയേഷൻ നേടിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ ബാച്ചിലർ ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസ് (ബി എൻ.വൈ.എസ്) ഡിഗ്രി പ്രോഗ്രാം പുണെയിൽ ആരംഭിക്കുന്നത്.
പുണെയിലെ യേവലേവാടിയിലുള്ള 25 ഏക്കർ വിസ്തൃതിയുള്ള ‘നിസർഗ് ഗ്രാമം’ കാമ്പസിലാണ് ഈ ഡിഗ്രി പ്രോഗ്രാം നടത്തുക. 250 കിടക്കകളുള്ള നാച്ചുറോപ്പതി ആശുപത്രി, മെഡിക്കൽ കോളേജ്, ഗവേഷണ വിഭാഗം, ലിവിങ് ഗാന്ധി മെമ്മോറിയൽ എന്നിവയും കാമ്പസിൽ ഉൾപ്പെടും.
പ്രവേശന യോഗ്യത
അംഗീകൃത ബോർഡിൽ നിന്നുള്ള 10+2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടെ വിജയിച്ചിരിക്കണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 19വൈകുന്നേരം 5:00.
വിശദമായ പ്രോസ്പെക്ടസ്, അപേക്ഷാഫോം, യോഗ്യതാ മാനദണ്ഡങ്ങൾ, ഫീസ് ഘടന, പ്രവേശന സമയക്രമം എന്നിവയ്ക്കായി വെബ്സൈറ്റ് സന്ദർശിക്കുക:www.ninpune.ayush.gov.in
പ്രവേശന ഹെൽപ്‌ലൈൻ
+91-7965220180 / +91-9511693564
ഇ-മെയിൽ
admission@bnysnin.in