ചെക്ക് കേസിൽ മാണി സി. കാപ്പന് ആശ്വാസം; അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചു

മുംബൈ : കണ്ണൂർ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസിൽ പാലാ എം.എൽ.എ. മാണി സി. കാപ്പന് ഭാഗിക ആശ്വാസം. കേസിൽ അപ്പീലിൽ വാദം പൂർത്തിയാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് മുംബൈ ദിൻദോഷി അഡീഷണൽ സെഷൻസ് കോടതി മരവിപ്പിച്ചു.

അതേസമയം, കീഴ്‌കോടതി വിധിച്ച 5.3 കോടിരൂപ പിഴയുടെ 20 ശതമാനം കെട്ടിവെക്കുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്ന കാപ്പന്റെ അപേക്ഷ തള്ളിയ കോടതി തുക രണ്ടുമാസത്തിനകം കെട്ടിവെക്കാനും ആവശ്യപ്പെട്ടു.

നാലുകേസുകളിലായാണ് 5.3 കോടി രൂപ പിഴയും ഒരുവർഷം തടവും ബോറിവ്‌ലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കാപ്പന്‌ വിധിച്ചത്. തുകയുടെ 20 ശതമാനം കെട്ടിവെക്കാനും ആവശ്യപ്പെട്ടു. ഇതിനെതിരേയാണ് കാപ്പൻ അപ്പീൽ നൽകിയത്.

ചെക്കുകൾ സുരക്ഷയ്ക്കായി നൽകിയതാണെന്നും കക്ഷികൾ തമ്മിലുള്ള ധാരണപ്രകാരം തിരിച്ചടവ് കാലാവധി നീട്ടിയിരുന്നെന്നും കാപ്പന്റെ അഭിഭാഷകർ വാദിച്ചു.

എന്നാൽ, അസാധാരണ സാഹചര്യം തെളിയിക്കാൻ കാപ്പന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീലിലെ അന്തിമവിധി വന്നിട്ടില്ല.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരിപങ്കാളിത്തം വാഗ്ദാനംചെയ്ത്‌ തട്ടിപ്പുനടത്തിയെന്ന് ആരോപിച്ച് 2019-ൽ മുംബൈയിലെ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് കാപ്പന് കീഴ്‌കോടതി ശിക്ഷ വിധിച്ചത്.