ഗണപതി സ്തുതിയിലലിഞ്ഞ് നഗരം

ഗണേശോത്സവത്തിന് വർണാഭമായ തുടക്കം
മുംബൈ : പെരുമ്പറയുടെ താളത്തിലും 'ഗണപതി ബപ്പ മോരിയ' എന്ന ഭക്തിനിർഭരമായ വിളിയിലും മുംബൈ നഗരം വീണ്ടും ഗണേശോത്സവത്തിന്റെ നിറവിലേക്ക്.
സെപ്റ്റംബർ 14 തിങ്കളാഴ്ചയാണ് ഈ വർഷത്തെ പത്തുദിന ഉത്സവത്തിന് തുടക്കമായത്. ലക്ഷക്കണക്കിന് ഭക്തർ വിഘ്‌നേശ്വരനെ വീടുകളിലേക്കും പന്തലുകളിലേക്കും ആനയിച്ചു. നഗരത്തിന്റെ എല്ലാകോണുകളിലും ഗണപതിവിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു; പൂജാമുഹൂർത്തം രാവിലെ 11.20 മുതൽ ഉച്ചയ്ക്ക് 1.48 വരെയായിരുന്നു.
ഔദ്യോഗിക ആഘോഷങ്ങൾ ആരംഭിച്ചത് പ്രതിഷ്ഠാ ചടങ്ങുകളോടെയാണ്. കുടുംബങ്ങളും വിവിധമണ്ഡലുകളും വിപുലമായ പൂജകൾ, ആരതികൾ, മന്ത്രങ്ങളുടെ താളാത്മകമായ പാരായണം എന്നിവ നടത്തി.
നഗരത്തിലെ ഏറ്റവുംവലിയ ആകർഷണമായ ലാൽബാഗ്ചാ രാജയുടെ 93-ാം വർഷത്തിലെ ആഘോഷങ്ങൾക്ക് വൻ ജനത്തിരക്കാണ് സാക്ഷ്യംവഹിച്ചത്. മുഖദർശനത്തിനും ദർശനത്തിന്റെ വരിയിലും ഭക്തർ മണിക്കൂറുകളോളം കാത്തുനിന്നു.
107 വർഷത്തെ പാരമ്പര്യമുള്ള ചിഞ്ച്‌പോക്ലി ചിന്താമണി മണ്ഡലവും ആദ്യദിനംതന്നെ ജനസാഗരമായി. ചിഞ്ച്‌പോക്ലി റെയിൽവേ സ്‌റ്റേഷനടുത്തുള്ള പന്തലിൽ ഭംഗിയാർന്ന ഗണപതിവിഗ്രഹത്തിന് മുന്നിൽ തൊഴാൻ ഭക്തജനങ്ങൾ തിക്കിത്തിരക്കി. അദാനി ഗ്രൂപ്പുമായുള്ള പുതിയ പങ്കാളിത്തവും ഈ വർഷം ചിന്താമണി മണ്ഡലത്തിന് വാർത്താപ്രാധാന്യം നൽകി.
മുംബൈച്ചാ രാജ, ജി.എസ്.ബി. സേവാ മണ്ഡൽ, ഗണേശ് ഗല്ലി തുടങ്ങിയ പ്രശസ്തമണ്ഡലുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. വീട്ടിലിരുന്ന് ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്കായി പല മണ്ഡലുകളും തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ബോളിവുഡ് താരങ്ങളും ഉത്സവാഘോഷത്തിൽ പിന്നിലല്ല. സൽമാൻ ഖാൻ, ശിൽപ ഷെട്ടി, കാർത്തിക് ആര്യൻ, ശ്രദ്ധാ കപൂർ തുടങ്ങിയവർ കുടുംബപരമായ ഗണപതി പൂജാ പാരമ്പര്യങ്ങൾ തുടരുന്നുണ്ട്.
നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളും വിപുലമാണ്. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഗതാഗത നിയന്ത്രണം, ശുചിത്വം, പരിസ്ഥിതി സൗഹൃദ ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ 25-ന് അനന്ത ചതുർദശി ദിനത്തിൽ വിഗ്രഹ നിമജ്ജന ഘോഷയാത്രകളോടെയാണ് പത്തുദിന ഗണേശോത്സവം സമാപിക്കുക. 'ഗണപതി ബപ്പ മോരിയ, പുഢ്ച്യാ വർഷി ലൗകര്യാ' (അടുത്തവർഷം വീണ്ടും വേഗംവരൂ) എന്ന വിളികളോടെ ഭക്തർഗണപതിക്ക് താത്‌കാലിക യാത്രാമൊഴി നൽകും.
അതുവരെ, ഭക്തിയുടെയും ആഘോഷത്തിന്റെയും അലയൊലികളിൽ മുംബൈ നഗരം മുഴുകിനിൽക്കും. അനന്ത ചതുർദശി സെപ്റ്റംബർ 25-ന് ഘോഷയാത്രകൾക്കുശേഷം വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നതോടെ ആേഘാഷങ്ങൾ അവസാനിക്കും.
സുരക്ഷിതവും സമാധാനപരവുമായ ആഘോഷങ്ങൾ ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും ദ്രുത പ്രതികരണ യൂണിറ്റുകളും ഉൾപ്പെടെ 16,800- ലധികം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.