ദിവ-പൻവേൽ സെക്‌ഷനിലെ നിയന്ത്രണം ദക്ഷിണേന്ത്യൻ തീവണ്ടി സർവീസുകളെ ബാധിക്കും

മുംബൈ : നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവ-പൻവേൽ സെക്‌ഷനിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി സർവീസുകളെ ബാധിക്കും. പൻവേൽ-കലംബൊലി കോച്ചിങ് കോംപ്ലക്സ് പദ്ധതിക്കായാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഈ മാസം 29 വരെ നിയന്ത്രണം തുടരും. കർജത്ത-ദിവ-വസായ്- റോഹ-പൻവേൽ സെക്‌ഷനിലൂടെ കടന്നുപോകുന്ന സർവീസുകളെയാണ് ഇത് ബാധിക്കുക. റായ്ഗഢ് ജില്ലയിലെ ആപ്ത, ജിറ്റെ, സോമ്താനെ, പോയാൻജെ (മഹപ്പേ) എന്നീ സ്റ്റേഷനുകളിൽ സർവീസുകൾ നിയന്ത്രിക്കുമെന്ന് റെയിൽവേ അറിയിച്ചു.

മഡ്ഗാവ്-മുംബൈ സി.എസ്.എം.ടി. കൊങ്കൺ കന്യഎക്സ്‌പ്രസ് സോമ്താനെയിൽനിന്ന് വൈകി പുറപ്പെടും.

തിങ്കളാഴ്ചത്തെ തിരുവനന്തപുരം-എൽ.ടി.ടി. സൂപ്പർഫാസ്റ്റ് എക്സ്‌പ്രസും ചൊവ്വ, ബുധൻ ദിവസങ്ങളിലെ എറണാകുളം-പുണെ എക്സ്‌പ്രസും ആപ്തയിൽനിന്ന് വൈകിയാകും പുറപ്പെടുക. ബുധനാഴ്ചത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ വീക്ക്‌ലി എക്സ്‌പ്രസും ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്‌പ്രസും ആപ്തയിൽ പിടിച്ചിടുമെന്നും അധികൃതർ അറിയിച്ചു.

24, 27, 28, 29 തീയതികളിൽ എൽ.ടി.ടി.-മഡ്ഗാവ് എക്സ്‌പ്രസ് വൈകി പുറപ്പെടും.

26-ന് എൽ.ടി.ടി.-കർമാലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസും പുറപ്പെടുന്നത് വൈകും. നവംബർ 24, 25 തീയതികളിൽ സോലാപുർ-എൽ.ടി.ടി. എക്സ്‌പ്രസ് കർജത്ത്, കല്യാൺ, താനെ വഴി തിരിച്ചുവിടുകയും കല്യാണിൽ നിർത്തുകയും ചെയ്യും.