അടുക്കളയിൽ ഈച്ച, വാഷ്ബേസിനു സമീപം പാറ്റ; നാഷണൽ സ്പോർട്സ് ക്ളബ്ബിന്റെ ഭക്ഷ്യലൈസൻസ് റദ്ദാക്കി

മുംബൈ : പ്രധാന അടുക്കളയിൽ ഈച്ചകളും വാഷ്ബേസിൻ ഭാഗത്ത് പാറ്റകളും. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ കെട്ടിക്കിടക്കുന്ന മാലിന്യം. തുറന്നുവെച്ച ചവറ്റുകുട്ടകൾ. മുംബൈയിലെ പ്രമുഖ സ്ഥാപനമായ നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിൽ (എൻ.എസ്.സി.ഐ.) ഭക്ഷ്യസുരക്ഷാ പരിശോധനയിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകളാണിവ. ഇതേത്തുടർന്ന് വാർളിയിലെ ക്ലബിന്റെ ഭക്ഷ്യലൈസൻസ് മഹാരാഷ്ട്ര ഭക്ഷ്യ-ഔഷധ അതോറിറ്റി (എഫ്ഡി.എ.) അടിയന്തരമായി സസ്പെൻഡ് ചെയ്തു.നവംബർ 23 മുതൽ ലൈസൻസ് സസ്പെൻഡ് ചെയ്തതായി പുറത്തിറക്കിയ പ്രസ്താവനയിൽ എഫ്ഡി.എ. അറിയിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ ശുചിത്വ, സാനിറ്റേഷൻ വ്യവസ്ഥകൾ ലംഘിച്ചതായാണ് കണ്ടെത്തൽ.പ്രധാന അടുക്കളയിൽ ഈച്ചകളെയും വാഷ്ബേസിൻ ഭാഗത്ത് പാറ്റകളെയും കണ്ടെത്തി. ഡ്രെയിനുകളിൽ പാറ്റകളെ പിടിക്കാനുള്ള കെണികൾ സ്ഥാപിച്ചിരുന്നില്ല. സ്റ്റോർ മുറിയിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷ്യമാലിന്യം കുന്നുകൂടിയിരുന്നു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തിനു സമീപം ചവറ്റുകുട്ടകൾ തുറന്ന നിലയിലായിരുന്നു.അസംസ്കൃതവസ്തുക്കളും ഭക്ഷണവും ആവശ്യമായ താപനിലയിൽ വൃത്തിയുള്ള സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നില്ല. കോൾഡ് സ്റ്റോറേജ് സംവിധാനത്തിലും അപാകങ്ങളുണ്ടായിരുന്നു. സ്റ്റോർ മുറിയിലെ പാത്രങ്ങളിൽ ലേബലുകൾ പതിച്ചിരുന്നില്ല. ചുമരുകളിൽനിന്നും മേൽക്കൂരയിൽനിന്നും പൊടിയും കണികകളും അടർന്നുവീഴുന്ന നിലയിലായിരുന്നു. തറയുടെ ചില ഭാഗങ്ങൾ വൃത്തിയാക്കിയിരുന്നില്ല. എക്സ്ഹോസ്റ്റ് ഫാനിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടിയിരുന്നു.ശുചീകരണ സമയക്രമം, ഉപകരണങ്ങൾ വൃത്തിയാക്കിയതിന്റെ രേഖകൾ, അസംസ്കൃത വസ്തുക്കൾ വാങ്ങിയതിന്റെ ബില്ലുകൾ എന്നിവ പരിശോധനാസമയത്ത് ഹാജരാക്കാനായില്ല.
ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് വാക്സിനേഷൻ നൽകിയിരുന്നില്ല. ചില ജീവനക്കാർ കൈയുറകൾ ധരിക്കാതെയാണ് ജോലിചെയ്തിരുന്നത്.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഫലപ്രദമായ സംവിധാനവും ക്ലബ്ബിലുണ്ടായിരുന്നില്ലെന്ന് എഫ്.ഡി.എ. വ്യക്തമാക്കി.
സർവകലാശാലാ കാന്റീന് ഒരു ലക്ഷംരൂപ പിഴ
മുംബൈ ഫോർട്ട് മേഖലയിലെ മുംബൈ സർവകലാശാലാ കാന്റീനിലും ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തി. റഫ്രിജറേറ്ററിൽ ഭക്ഷണസാധനങ്ങൾ ക്രമരഹിതമായും അനുചിതമായും സൂക്ഷിച്ചതിനാൽ ഭക്ഷ്യവസ്തുക്കൾ തമ്മിൽ മലിനീകരണമുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തിനുസമീപം മാലിന്യംനിറഞ്ഞ തുറന്ന ചവറ്റുകുട്ടകളും ഭക്ഷണം തയ്യാറാക്കുന്ന ഭാഗത്ത് ശുചീകരണ സാമഗ്രികളും കണ്ടെത്തി.കാന്റീനിലെ ജീവനക്കാർ നിർദേശിച്ച യൂണിഫോമും സുരക്ഷാ വസ്ത്രങ്ങളും ധരിച്ചിരുന്നില്ല. സസ്യാഹാരവും മാംസാഹാരവും വേർതിരിച്ച് സൂക്ഷിക്കുന്നതിലും ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും പ്രത്യേകം കൈകാര്യംചെയ്യുന്നതിലും വീഴ്ചയുണ്ടായി. ഇതേത്തുടർന്ന് കാന്റീന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി എഫ്.ഡി.എ. അറിയിച്ചു.