മുംബൈ മെട്രോ ലൈൻ12 എ പദ്ധതിക്ക് അനുമതി

13,856 കോടിയുടെ മാൻപാഡ-കട്ടായ് നാക-തലോജ ഇടനാഴി
മുംബൈ : 13,856.37 കോടി രൂപയുടെ മെട്രോ ലൈൻ 12എ പദ്ധതിക്ക് മഹാരാഷ്ട്ര കാബിനറ്റ് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി അംഗീകാരം നൽകി. മാൻപാഡ-കട്ടായ് നാകയെ കല്യാൺ ഫാട്ട വഴി തലോജയുമായി ബന്ധിപ്പിക്കുന്ന 18.40 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോർ ആണിത്. മൂന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചൊവ്വാഴ്ച മന്ത്രാലയത്തിൽ ഫഡ്നവിസിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് അനുമതി ലഭിച്ചത്. മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡിവലപ്മെന്റ് അതോറിറ്റി (എം.എം.ആർഡി.എ.) നടപ്പാക്കുന്ന ഈ ഇടനാഴി, കല്യാൺ-ഡോംബിവ്ലി, നവി മുംബൈ എന്നിവയ്ക്കിടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള (എം.എം.ആർ.) വ്യാവസായിക, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് പ്രവേശനം നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
എം.എം.ആർ.ഡി.എ. പദ്ധതി നിർവഹണത്തിന് മേൽനോട്ടം വഹിക്കും. മുഴുവൻ റൂട്ടും എലിവേറ്റഡ് ആയിരിക്കും, കൂടാതെ 12 സ്റ്റേഷനുകളും ഉണ്ടാകും. പ്രവർത്തനക്ഷമമായാൽ പ്രതിദിനം 4.74 ലക്ഷം യാത്രക്കാർ ഈ ഇടനാഴി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.മെട്രോ ഇടനാഴിക്കൊപ്പം, 6.93 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സംയോജിത നാലുവരി മേൽപ്പാലവും 8.69 കിലോമീറ്റർ നീളമുള്ള ആറ് വരി മേൽപ്പാലവും പദ്ധതിയിൽ ഉൾപ്പെടുന്നു. മെട്രോ ലൈൻ 12എയിൽ മൂന്ന് സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യങ്ങൾ ഉണ്ടാകും.ബുള്ളറ്റ് ട്രെയിൻ റൂട്ടുമായി കണക്റ്റിവിറ്റി നൽകുന്നതിനാണ് കട്ടായ് നാക പദ്ധതിയിട്ടിരിക്കുന്നത്. മെട്രോ ലൈൻ 14 നായി കട്ടായ് നാകയ്ക്കും കല്യാൺ ഫാട്ടയ്ക്കും ഇടയിൽ ഒരു ഇന്റർചേഞ്ച് നിർദേശിക്കപ്പെടുന്നു.ഇടനാഴിയെ നവിമുംബൈ മെട്രോ ലൈൻ 1 മായി ബന്ധിപ്പിക്കും. യാത്രക്കാരെ സഹായിക്കുന്നതിന് എല്ലാ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ബസ് സർവീസുകളും നിർദേശിക്കുന്നു.