മുംബൈയിൽ സി.ജെ.പി. പ്രതിഷേധം തടഞ്ഞു

ഓഗസ്റ്റ് ക്രാന്തി മൈതാനം പോലീസ് വലയത്തിൽ
മുംബൈ : ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധപരിപാടി പോലീസ് നടപടിയെത്തുടർന്ന് തടസ്സപ്പെട്ടു. മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ‘ഹം ഭാരത് കേ ലോഗ് ’ സംഘടനയുടെ അധ്യക്ഷനുമായ തുഷാർഗാന്ധി, ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ തുടങ്ങിയവരടക്കം ഒട്ടേറെപ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകീട്ട് 3.30-നായിരുന്നു ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് പ്രതിഷേധസംഗമം തീരുമാനിച്ചിരുന്നത്. എന്നാൽ, ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് അവിടെ പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് ക്രാന്തി മൈതാനത്തും നഗരത്തിലെ മറ്റു കേന്ദ്രങ്ങളിലുമായി 400-ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയിരുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ, അനുമതിക്കായി പോലീസിന് ഇ-മെയിൽ അയച്ചിരുന്നതായി സംഘാടകർ പറഞ്ഞു. പ്രതിഷേധം തടയുന്നതിനായി മുംബൈയിലെ വിവിധ മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഡൽഹിയിൽ കാണുന്നത് സ്വന്തം ജനതയെ ഭയപ്പെടുന്ന നേതാവിന്റെ അടയാളം- ദീപ്‌കെ
: അതിനിടെ, മുംബൈയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് അഭിജീത് ദീപ്‌കെ പങ്കുവെച്ച സാമൂഹികമാധ്യമ സന്ദേശം തരംഗമായി. ഡൽഹി അടയ്ക്കലും അടിച്ചമർത്തലും ശക്തിയുടെ അടയാളങ്ങളല്ലെന്നും സ്വന്തം ജനതയെ ഭയപ്പെടുന്ന ഒരു നേതാവിന്റെ അടയാളങ്ങളാണെന്നുമായിരുന്നു സന്ദേശം.
വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രിയുടെ നേരേ ദീപ്‌കെ രൂക്ഷവിമർശനം നടത്തിയത്. പ്രക്ഷോഭം ആരംഭിക്കുന്നതിന് മുൻപുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി തോൽവി സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.