മന്ദിരസമിതി ബാലവേദി സഹവാസ ക്യാമ്പ്

നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുദിവസമായി നെരൂൾ ഗുരുദേവഗിരിയിൽ നടത്തിയ ബാലവേദി സഹവാസക്യാമ്പ് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.മൊബൈൽ ഫോണില്ലാതെ, വീട്ടിൽനിന്ന് മാറി പുതിയൊരു ലോകത്താണ് കുട്ടികൾ മൂന്നുദിവസം കഴിഞ്ഞത്.

പുലർച്ചെ അഞ്ചിന് ഉണർന്ന് പ്രഭാതകൃത്യങ്ങൾ നടത്തി ആറിനുതന്നെ കൃത്യതയോടെ പ്രാർഥനാ ഹാളിലേക്ക് എത്തുകയും തുടർന്ന് ഒരു മണിക്കൂർ പ്രാർഥനയും ധ്യാനവും യോഗായുമായായിരുന്നു ക്യാമ്പിന്റെ ആരംഭം.പങ്കെടുത്ത കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു. എല്ലാ കുട്ടികളും ഓരോ ഗ്രൂപ്പ് പരിപാടിയിലും പങ്കെടുത്തു.

കളിച്ചുംചിരിച്ചുംപഠിച്ചും കാര്യങ്ങൾ തുറന്നുപറയാൻ പഠിച്ചു. പരസ്പരം കണ്ണുകളിൽ നോക്കി സംവദിച്ചു സൗഹൃദത്തിന്റെ പുതിയ നാമ്പുകൾ മുളച്ചു. ഒരുമിച്ച് ഭക്ഷണം കഴിച്ചും കളിച്ചും അവർ കുടുംബാംഗങ്ങളായി.സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ, ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, ക്യാമ്പിന്റെ മുഖ്യ ആചാര്യൻ വിജയലാൽ നെടുംകണ്ടം എന്നിവർ പങ്കെടുത്ത സമാപനസമ്മേളനത്തിൽ കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ക്യാമ്പിൽ പങ്കെടുത്തതിലൂടെ മടിയും നാണവും മാറി ആത്മവിശ്വാസം കൈവന്നതായി കുട്ടികൾ അഭിപ്രായപ്പെട്ടു.സമാപനസമ്മേളനത്തിൽ കുട്ടികൾ അവതരിപ്പിച്ച നാടകം ക്യാമ്പിന്റെ സന്ദേശവും ഉദ്ദേശ്യലക്ഷ്യങ്ങളും കാണികളിലേക്കു പകർന്നുനൽകി.ഒരു പിടി നല്ല ഓർമ്മകളുമായി, ‘ഇനിയും കണ്ടുമുട്ടാം, വരും വർഷങ്ങളിലും ഒന്നിക്കാം’ എന്ന പ്രത്യാശയോടെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം മടങ്ങിയപ്പോൾ, സമിതിയുടെ ഭാവി നടത്തിപ്പുകാരായ അവർ പാകപ്പെടുന്നതായി തോന്നിയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.സാമൂഹികനന്മ ലക്ഷ്യം​െവച്ച് ശ്രീനാരായണ മന്ദിരസമിതി നടത്തുന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നും കുട്ടികൾക്ക് സമൂഹത്തോട് ഉണ്ടായിരിക്കേണ്ട പ്രതിബദ്ധത, കലാ-സാംസ്കാരിക മേഖലകളിലുള്ള കഴിവ് തുടങ്ങിയവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സഹവാസ ക്യാമ്പ് വിജയമായിരുന്നുവെന്നു സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു.