ജി.എസ്.ബി. മണ്ഡലിന്റെ ശാരദപൂജ മഹോത്സവത്തിനു തുടക്കമായി

ഡോംബിവിലി : ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ (ജി.എസ്.ബി.) ആഭിമുഖ്യത്തിൽ 28-ാം ശാരദാപൂജ മഹോത്സവത്തിന് ഡോംബിവിലിയിൽ തുടക്കമായി. ജി.എസ്.ബി. സമുദായത്തിന്റെ തനതായ നവരാത്രി ആഘോഷമാണ് ശാരദാ മഹോത്സവം. നവരാത്രിയുടെ ആറാം ദിവസമായ ഷഷ്ഠി തിഥി മുതൽ വിജയദശമി വരെ അഞ്ചു ദിവസമാണ് ആഘോഷം. വിജയദശമി ദിനത്തിൽ വൈകീട്ട് നിമജ്ജനത്തോടെ സമാപിക്കും. ഡോംബിവിലി ഈസ്റ്റ് എം.ഐ.ഡി.സി.യിലെ സിദ്ധിവിനായക ക്ഷേത്ര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ആഘോഷ പരിപാടികൾ.

ദിവസവും വ്യത്യസ്ത ഭാവങ്ങളിലാണ് ദേവിയെ അലങ്കരിക്കുന്നത്. ആദ്യദിനം അന്നപൂർണേശ്വരി, രണ്ടാം ദിനം സന്താനലക്ഷ്മി, മൂന്നാം ദിനം മഹാലക്ഷ്മി, നാലാം ദിനം കട്ടീൽ ദുർഗാ പരമേശ്വരി, അഞ്ചാം ദിനമായ വിജയദശമി നാളിൽ സരസ്വതീ സ്വരൂപിണിയായ ശാരദാ ദേവി എന്നീ രൂപങ്ങളിലാണ് ദർശനം. തുലാഭാരം, കുങ്കുമാർച്ചന, പുഷ്പാലങ്കാര സേവ, രംഗപൂജ, ദീപാലങ്കാര സേവ, ദുർഗ നമസ്കാരം, വിദ്യാരംഭം എന്നിവയാണ് പ്രധാന വഴിപാടുകൾ. അഞ്ച് ദിവസങ്ങളിലായി അമ്പതിനായിരത്തോളം പേർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ദർശനത്തിനെത്തുന്നവർക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും ജി.എസ്.ബി. മണ്ഡൽ അന്നദാനം നടത്തും. വിവരങ്ങൾക്ക്: 8080008200