സിഡ്‌കോ 3,000 ഫ്ലാറ്റുകളുടെ ഭവനപദ്ധതി ആരംഭിച്ചു

നവിമുംബൈ : സിഡ്‌കോ 3000 ഫ്ലാറ്റുകളുടെ ഭവനപദ്ധതി ആരംഭിച്ചു. ഖാർഘർ, തലോജ, കലംബോലി, ദ്രോണഗിരി എന്നിവിടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിൽ 500 വീടുകൾ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിനും 2,500 വീടുകൾ ഇതര വിഭാഗങ്ങൾക്കുമാണ്. നേരത്തെയുള്ള ലോട്ടറി സംവിധാനത്തിനുപകരം ആദ്യം രജിസ്റ്റർ ചെയ്ത് ലഭ്യമായ ഫ്ലാറ്റ് തിരഞ്ഞെടുക്കുന്ന രീതിയാണ് ഇപ്രാവശ്യം.
അപേക്ഷകർക്ക് ലഭ്യമായ ഫ്ലാറ്റുകളിൽനിന്ന് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള വീട് നേരിട്ട് തിരഞ്ഞെടുക്കാനും രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും കഴിയും. എന്നാൽ ഫ്ലാറ്റുകളുടെ ലഭ്യത അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
തലോജയിലും ദ്രോണഗിരിയിലുമുള്ള ഫ്ലാറ്റുകളുടെ വില 2022-23 സാമ്പത്തികവർഷത്തിൽ ബാധകമായ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സിഡ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ഫ്ലാറ്റിന്റെയും കൃത്യമായ വില, കാർപെറ്റ് ഏരിയ, ഓരോ നോഡിലുമുള്ള ഫ്ലാറ്റുകളുടെ എണ്ണം, കൈമാറ്റത്തീയതി തുടങ്ങിയ വിശദാംശങ്ങൾ സിഡ്‌കോ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. ഇതിനായി കേന്ദ്രസർക്കാരിന്റെ പി.എം.എ.വൈ. വെബ്‌സൈറ്റിൽ തങ്ങളുടെ പേര് ഗുണഭോക്താവായി രജിസ്റ്റർ ചെയ്യണം.
ഇതിനായി ആധാർ നമ്പർ ബന്ധിപ്പിക്കുകയും ആവശ്യമായിടത്ത് ഒ.ടി.പി. മുഖേന സ്ഥിരീകരണം നടത്തുകയും ചെയ്യണം.
ഫ്ലാറ്റിന് അടയ്‌ക്കേണ്ട മുഴുവൻ തുകയും ലഭിച്ചശേഷം ഉടൻതന്നെ കൈവശം നൽകുമെന്ന് സിഡ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ നാല് നോഡുകളിലുമുള്ള എല്ലാ ഫ്ലാറ്റുകളും നിലവിൽ കൈമാറ്റത്തിന് തയ്യാറാണോ, ഓരോ പദ്ധതിയുടെയും കൈമാറ്റ സമയക്രമം വ്യത്യസ്തമാണോ തുടങ്ങിയ കാര്യങ്ങൾ സിഡ്‌കോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന സംവിധാനത്തിൽ ഫ്ലാറ്റ് നേരിട്ട് തിരഞ്ഞെടുക്കാൻ കഴിയുന്നതാണ് ഭവനപദ്ധതിയുടെ പ്രധാനപ്രത്യേകത.