മുംബൈ-ബെംഗളൂരു വന്ദേഭാരത് സർവീസ് നവംബർ മൂന്നുമുതൽ

മുംബൈ : യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ മൂന്നുമുതൽ സർവീസ് ആരംഭിക്കും. മഹാരാഷ്ട്രയിൽനിന്ന് സർവീസ് നടത്തുന്ന ആദ്യത്തെ സ്ലീപ്പർ വന്ദേഭാരത് സർവീസാണിത്.

നവംബർ ഒന്നിന് രാവിലെ 11.30-ന് ബെംഗളൂരു സ്റ്റേഷനിൽ ട്രെയിൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ഓട്ടത്തിൽ റായ്ച്ചൂരു, യാദ്ഗിർ, കലബുറഗി, സോലാപുർ, പുണെ എന്നിവിടങ്ങളിൽ സ്വീകരണം ലഭിക്കും. പുലർച്ചെ മൂന്നുമണിയോടെ മുംബൈയിൽ എത്തും.

ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ബെംഗളൂരു-മുംബൈ സർവീസ് തിങ്കളാഴ്ചകളിൽ ഉണ്ടാവില്ല. മുംബൈ-ബെംഗളൂരു സർവീസ് ചൊവ്വാഴ്ചകളിലും ഉണ്ടാവില്ല. പുണെ, സോലാപുർ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് രാത്രികാല കണക്ഷൻ ഷെഡ്യൂൾ ഉണ്ടായിരിക്കും.

ബെംഗളൂരുവിൽനിന്ന് വൈകുന്നേരം 7.45-ന് പുറപ്പെടുന്ന ട്രെയിൻ (27652) രാവിലെ 4.20-ന് സോലാപുരിലും എട്ടിന് പുണെയിലും 11.55-ന് മുംബൈയിലും എത്തും. എതിർദിശയിൽ ട്രെയിൻ (27651) രാത്രി 8.10-ന് മുംബൈയിൽനിന്ന് പുറപ്പെട്ട് 11.40-ന് പുണെയിലും പുലർച്ചെ മൂന്നിന് സോലാപുരിലും ഉച്ചയ്ക്ക് ബെംഗളൂരുവിലും എത്തും.

16 കോച്ചുള്ള ട്രെയിനിന് 823 യാത്രക്കാരെ വഹിക്കാം. 611 ബെർത്തുള്ള 11 എ.സി. ത്രീ-ടിയർ കോച്ചും 188 ബെർത്തുള്ള നാല് ടു-ടിയർ കോച്ചും 24 ബെർത്തുള്ള ഒരു ഫസ്റ്റ് ക്ലാസ് കോച്ചും ആണ് ഉണ്ടാവുക.