ഫ്ലാറ്റിൽനിന്ന് ദുർഗന്ധം: കല്യാണിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

കല്യാൺ : കല്യാണിൽ മലയാളിയായ 54-കാരനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കല്യാൺ നിവാസിയായിരുന്ന ദിനേശ് നായരെയാണ് ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലെ കപിക്കാട് സ്വദേശിയാണ് ദിനേശ്. മഹാനഗർ ഗ്യാസിൽ ജനറൽ മാനേജരായി ജോലിചെയ്തിരുന്ന ദിനേശ് കല്യാണിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മകളും നാട്ടിലാണ്. നേരത്തെ ഖാർഘറിൽ താമസിച്ചിരുന്ന അദ്ദേഹം മൂന്നുവർഷം മുൻപാണ് കല്യാണിലേക്ക് മാറിയത്. ഒറ്റപ്പെട്ട ജീവിതമായിരുന്നതിനാൽ ദിനേശിനെ ദിവസങ്ങളായി ആരും കാണാതിരുന്ന വിവരംപോലും അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഫ്ലാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനേശിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതരുടെ അന്വേഷണം തുടരുകയാണ്.