ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം നടന്നു

മുംബൈ : എസ്.എൻ.ഡി.പി. യോഗം മുംബൈ താനെ യുണിയൻ ആസ്ഥാനമായ ഘാട്ട്‌കോപ്പറിലെ യുണിയൻ ഓഫീസിൽ പൂജ, അർച്ചന, ഗുരു പുഷ്പാഞ്ജലി, സമാധി പൂജ എന്നിവയോടെ മഹാസമാധിദിനാചരണം നടന്നു. യൂണിയന്റെ കിഴിലുള്ള മോഹപ്പാട രസായനി, പൻവേൽ, കാമോത്തേ, സി.ബി.ഡി. ബേലാപ്പൂർ, നെരുൾ ഈസ്റ്റ്, സീവുഡ്‌സ്, വാഷി, ഐരോളി ഘൺസോളി, ചെമ്പൂർ കോളനി, അന്റോപ്ഹിൽ, ഭാണ്ഡുപ്പ്, കല്യാൺ ഈസ്റ്റ്, കല്യാൺ വെസ്റ്റ്, ഡോംബിവിലി, ഉല്ലാസ് നഗർ, അംബർനാഥ്, സാക്കിനാക്ക, ഗോരേഗാവ്, മലാഡ് മൽവണി, മീരാറോഡ്, ഭയന്ദർ, വസായ്, നല്ലസോപ്പാറ, നാസിക് എന്നീ ശാഖകളിലും ഗുരുപൂജ, സമൂഹ പ്രാർഥന ഗുരുപുഷ്പാഞ്ജലി, സമാധി ഗാനാലാപനം, ആരതി എന്നിവയ്ക്കുശേഷം പല ശാഖകളിലും കഞ്ഞി വിഴ്ത്തൽ, അന്നദാനം, മഹാപ്രസാദം തുടങ്ങിയവയോടെ ഭക്തി നിർഭരമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്.

വാഷി : ശ്രീനാരായണ ധർമ പരിപാലന യോഗം 3884-ാം നമ്പർ വാഷി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ആചരിച്ചു. രാവിലെ എട്ടിന് ഗുരുപൂജയോടുകൂടി ആരംഭിച്ച് ഗുരു പുഷ്പാഞ്ജലി ഗുരു ഭാഗവത പാരായണം, ഗുരുദേവ കൃതികളുടെ ആലാപനം, മഹാസമാധിപൂജ തുടർന്ന് കഞ്ഞിവീഴ്ത്തൽ മുതലായവ പൂജാരി പ്രസേനൻ അവർകളുടെ കാർമികത്വത്തിൽ ശാഖാ ഗുരുമന്ദിരത്തിൽ നടന്നു.

ശ്രീനാരായണ മന്ദിരസമിതി

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ മഹാസമാധി ദിനാചരണം മന്ദിരസമിതി ആസ്ഥാനത്തും യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിവിധ പൂജാപരിപാടികളോടെയും അന്നദാനത്തോടെയും ഭക്തിനിർഭരമായി ആചരിച്ചു .സമിതി ആസ്ഥാനമായ ചെമ്പൂരിലെ ഗുരുമന്ദിരത്തിൽരാവിലെ 6.30-ന് നടന്ന പ്രഭാതപൂജയോടെ സമാധി ആചരണത്തിനു തുടക്കംകുറിച്ചു.

10-ന് ദീപാർപ്പണം, തുടർന്ന് ഗുരുപൂജ, അഖണ്ഡ നാമജപം, ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി, പുഷ്പകലശാഭിഷേകം, ഗുരുസ്തവം, ദൈവദശകാലാപനം, 3.20-ന് മഹാജ്യോതി ദർശനം, 3.30- ന് സമാധിഗാനം, സമർപ്പണം, മഹാപ്രസാദം എന്നിവ നടന്നു.

ഗുരുദേവഗിരിയിൽ രാവിലെ നടന്ന ഗണപതി ഹോമത്തോടെ മഹാസമാധി ആചരണത്തിനു തുടക്കംകുറിച്ചു. ഏഴിനു ഗുരുപൂജ, ഒൻപതിന് മുതൽ അഖണ്ഡനാമജപം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം എന്നിവ നടന്നു.

ഉച്ചകഴിഞ്ഞു മൂന്നിന് അഖണ്ഡനാമജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ, സമാധിപൂജ, പുഷ്പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം എന്നിവ നടന്നു. രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ് വിളക്ക് അർച്ചനയും ഉണ്ടായിരുന്നു. പൂജാ ചടങ്ങുകളിൽ ഒട്ടേറെ ഗുരുഭക്തർ പങ്കെടുത്തു.