സാമൂഹിക പ്രവർത്തകരെ മാറ്റിയ നടപടിയിൽ പ്രതിഷേധം

മുംബൈ : വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലെ ശിവാജി പാർക്കിൽ പ്രതിഷേധിക്കാനെത്തിയ സാമൂഹിക പ്രവർത്തക അഞ്ജലി ദമാനിയ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യ മുംബൈയിലെ ദാദറിലുള്ള ശിവാജി പാർക്കിന് സമീപത്തുനിന്നാണ് ദമാനിയയെ സാധാരണ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതും സ്വകാര്യ വാഹനത്തിൽ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതും. ശിവാജി പാർക്ക് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഭൂരിഭാഗംപേരെയും ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിലേക്കും മറ്റുചിലരെ സമീപത്തെ സ്റ്റേഷനുകളിലേക്കും മാറ്റി.
അധികൃതരുടെ അനുമതിയില്ലാതെ ശിവാജി പാർക്കിൽ പ്രതിഷേധത്തിനായി ഒത്തുകൂടുന്നവർക്കെതിേര കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അനധികൃത പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് കനത്ത പോലീസ് സന്നാഹവും റോഡുകളിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിേര ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. ഭരണകൂടത്തിനെതിേര സമാധാനപരമായും നിർഭയമായും പ്രതിഷേധിക്കുന്നവരെപ്പോലും തടങ്കലിലാക്കുന്ന സ്ഥിതിയാണെന്നും ബി.ജെ.പി.യുടെ ഭയം ഇതിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിഷേധക്കാർക്ക് നിയമസഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്.) അധ്യക്ഷൻ അമിത് താക്കറെയും പോലീസ് നടപടിയെ ചോദ്യംചെയ്ത് രംഗത്തെത്തി. തിങ്കളാഴ്ചമുതൽ എം.എൻ.എസ്. പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും ബി.ജെ.പി. പ്രവർത്തകരും ചേർന്ന് നവരാത്രി മണ്ഡൽ ഭാരവാഹികളെ സി.ജെ.പി. പ്രതിഷേധക്കാർക്കെതിേര തിരിക്കുകയാണെന്ന് എം.എൻ.എസ്. നേതാവ് സന്ദീപ് ദേശ്പാണ്ഡെ ആരോപിച്ചു.
സി.ജെ.പി.യുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച ഓഗസ്റ്റ് ക്രാന്തി മൈതാനം, ഹുതാത്മ ചൗക്ക് എന്നിവിടങ്ങൾ ഉൾപ്പെടെ മുംബൈയിലെ വിവിധസ്ഥലങ്ങളിൽ നടന്ന സമരങ്ങൾക്കിടെ ഏകദേശം 600 പേരെ അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധങ്ങൾ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മുംബൈയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.