പൊതുശൗചാലയത്തിൽ വിഷവായു ശ്വസിച്ച് രണ്ടുപേർ മരിച്ചു

മുംബൈ : മുംബൈ നഗരത്തിലെ പൊതുശൗചാലയത്തിൽ വിഷവായു ശ്വസിച്ച് രണ്ടുപേർ മരിച്ചു. രാംമന്ദിർ ഈസ്റ്റ് പ്രദേശത്ത് പാഴ്‌സി പഞ്ചായത്ത് ഗേറ്റിനു സമീപമുള്ള ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ശൗചാലയത്തിൽ ഞായറാഴ്ച പുലർച്ചെ നാലോടെയോടെയായിരുന്നു സംഭവം. പ്രഭാകർ ധനിവർ (24), ഭവിൻ ദേശായി (18) എന്നിവരാണ് മരിച്ചത്.

പുലർച്ചെ ശൗചാലയം ഉപയോഗിക്കാൻ കയറിയപ്പോഴാണ് പ്രഭാകറും ഭവിനും ശ്വാസംമുട്ടി ബോധം നഷ്ടമായത്. ഇവർക്കുശേഷം ശൗചാലയത്തിൽ എത്തിയവരാണ് രണ്ടുപേരെയും ബോധമറ്റ നിലയിൽ കണ്ടത്. ആ സമയത്ത് ശൗചാലയത്തിൽനിന്ന് രൂക്ഷമായ ഗന്ധമുയർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുവരെയും കാന്തിവ്‌ലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംബൈ പോലീസും ആംബുലൻസ് സർവീസുകളും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്ന് നഗരസഭ അറിയിച്ചു.