കൊങ്കൺ റെയിൽവേ ലയനം വേഗത്തിലാക്കണം

#സ്വന്തം ലേഖകൻ

നവിമുംബൈ: കൊങ്കൺ റെയിൽവേയിലെ മഹാരാഷ്ട്രയുടെ ഓഹരികൾ ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറാൻ നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് ആവശ്യപ്പെട്ട് ഉഡുപ്പി-ചിക്കമംഗളൂരു എം.പി. കോട്ട ശ്രീനിവാസ് പൂജാരി.മുംബൈയിലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നത് മേഖലയിലെ റെയിൽവേ വികസനത്തിന് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.അന്തരിച്ച ജോർജ് ഫെർണാണ്ടസിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ രൂപംകൊണ്ട കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പടിഞ്ഞാറൻ തീരപ്രദേശത്തിന് റെയിൽവേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ റോഹയിൽനിന്ന് കർണാടകയിലെ തോക്കൂർവരെ ഏകദേശം 750 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കൊങ്കൺ റെയിൽവേ ശൃംഖല.നിലവിൽ ഒറ്റപ്പാതയിലൂടെയാണ് ട്രെയിൻ ഗതാഗതം നടക്കുന്നത്. യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ സംവിധാനം അപര്യാപ്തമാണ്.

അതിനാൽ പാത ഇരട്ടിപ്പിക്കലും റെയിൽവേ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണവും അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് എം.പി. ചൂണ്ടിക്കാട്ടി. മേഖലയിലെ ഭാവി സാമ്പത്തികവളർച്ചയ്ക്കും ഇത് അനിവാര്യമാണ്.കൊങ്കൺ റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിനും അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഏകദേശം 40,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.

എന്നാൽ ഇത്രയും വലിയൊരു പദ്ധതി ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി നിലവിൽ കൊങ്കൺ റെയിൽവേ കോർപ്പറേഷനില്ല.കൊങ്കൺ റെയിൽവേയിലെ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ തങ്ങളുടെ ഓഹരികൾ ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറിയാൽ കോർപ്പറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. അതിനാൽ മഹാരാഷ്ട്ര സർക്കാരും ഓഹരികൾ കൈമാറാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളവും ഗോവയും അനുകൂല നിലപാടിൽ

കേരളവും ഗോവയും തങ്ങളുടെ ഓഹരികൾ കൈമാറാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. കർണാടകയിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.മഹാരാഷ്ട്രയും ഇതിന് അനുകൂലമായി തീരുമാനമെടുത്താൽ കൊങ്കൺ റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലിനും സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിനും വഴിയൊരുങ്ങും.

കോട്ട ശ്രീനിവാസ് പൂജാരിയുടെ ആവശ്യത്തോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അനുകൂലമായി പ്രതികരിച്ചതായി എം.പി. അറിയിച്ചു. യാത്രക്കാരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ കക്ഷികളുമായി കൂടിയാലോചിച്ച് ഉടൻ സമവായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി എം.പി. അറിയിച്ചു.