കെ.ടി.എം.സി.സി ടാലന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 28ന്

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ.ടി.എം.സി.സി) ടാലന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 28 നു സംഘടിപ്പിക്കും. എന്‍.ഇ.സി.കെ അങ്കണത്തില്‍ വിവിധ വേദികളിലായി രാവിലെ എട്ടിനു ആരംഭിക്കുന്ന മത്സരത്തില്‍ എന്‍.ഇ.സി.കെഇസും അഹമ്മദി സെയിന്റ് പോള്‍സിലും ഉള്‍പ്പെട്ട മാര്‍ത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറണ്‍, പെന്തക്കോസ്ത് തുടങ്ങി 30 സഭകളില്‍നിന്നായി 500ല്‍പ്പരം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരം ഉണ്ടാകും. മത്സരദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിന്‍ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി മൂന്നു ഗ്രൂപ്പുകളിലായാകും മത്സരം. പരിപാടി ഹാര്‍വെസ്റ്റ് ടി.വി. തത്‌സമയം സംപ്രേഷണം ചെയ്യും.
എന്‍.ഇ.സി.കെ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ഗരീബ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആത്മീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും, വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി റോയ് കെ. യോഹന്നാന്‍ (ജനറല്‍ കണ്‍വീനര്‍), ഷിബു വി. സാം (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സജു വാഴയില്‍ തോമസ് (പ്രസിഡന്റ്), റെജു ഡാനിയേല്‍ ജോണ്‍ (സെക്രട്ടറി), വിനോദ് കുര്യന്‍ (ട്രെഷറര്‍), അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
Content Highlights: KTMCC Talent Test on 28th September