മിന്നൽ മുരളി പ്രേരണയായി, ടൊവിനോയ്ക്കുള്ള എവറസ്റ്റിലെ കല്ലുകളുണ്ട് അനയയുടെ കൈയിൽ

എവറസ്റ്റ് കൊടുമുടിയില്‍നിന്നും തന്റെ പ്രിയപ്പെട്ട നടൻ ടൊവിനോക്ക് സമ്മാനിക്കാന്‍ കല്ലുകള്‍ ശേഖരിച്ചിട്ടുണ്ട് അനയ രഞ്ജിത് എന്ന ഈ കൊച്ചുമിടുക്കി. മരംകോച്ചുന്ന തണുപ്പും മരണം പതിയിരിക്കുന്ന വഴികളും കാര്യമാക്കാതെ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ (ഇ.ബി.സി) പട്ടാമ്പിക്കാരിയായ ഈ കുഞ്ഞുതാരത്തിന് ഏഴ് വയസ്സ് മാത്രമേയുള്ളൂ പ്രായം. ടൊവിനോയുടെ മിന്നല്‍മുരളിയാണ് എവറസ്റ്റ് എന്ന സ്വപ്‌നം അവളുടെ കുഞ്ഞുമനസ്സിലേക്ക് കയറ്റിയത്. മിന്നല്‍ മുരളിയെപോലെ ഒരൊറ്റ കുതിപ്പിന് കൊടുമുടിയിലെത്തണം. അതിന് അച്ഛന്‍ രഞ്ജിത്തിന്റെ സാഹസികസ്വപ്‌നങ്ങളും കൂട്ടായി. രഞ്ജിത്തിന് എവറസ്റ്റ് എന്നത് രണ്ടാമൂഴമാണ്. 2022 ലെ തന്റെ ആദ്യ എവറസ്റ്റ് യാത്രയില്‍ കണ്ട സ്വപ്‌നമായിരുന്നു മകളെയും കൂട്ടിയെത്തണമെന്നത്. ഏഴ് വയസ്സിലും താഴെ പ്രായമുള്ള കുട്ടികള്‍ അച്ഛനമ്മമാരുടെ തോളിലിരുന്ന് ഇ.ബി.സിയില്‍ നേരത്തെയെത്തിയിട്ടുണ്ടെങ്കിലും സമുദ്രനിരപ്പില്‍നിന്നും 17,598 അടി (5,364 മീറ്റര്‍) ട്രക്ക് ചെയ്‌തെത്തിയ കുട്ടിതാരമെന്ന അവിശ്വസനീയമായ നേട്ടത്തിന് അര്‍ഹത ഈ മലയാളി പെണ്‍കുട്ടിക്കാണ്.
യാത്ര തുടങ്ങിയത് തിരുവോണദിനത്തില്‍
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രക്കിങ് എന്നത് ഹിമാലയത്തിന്റെ തനതുഭംഗിയും സൗന്ദര്യവും ആസ്വദിച്ച് നടത്തുന്ന അസാധാരണ സാഹസികയാത്രയാണ്. പലവിധ വെല്ലുവിളികളും നേരിടാനായി പ്രതിരോധശേഷിയും ജാഗ്രതയും മുന്‍കരുതലുകളും വളരെ അത്യാവശ്യമാണ്.
എവറസ്റ്റിന്റെ വടക്ക് കിഴക്ക് ഭാഗമായ ലുക്ലയില്‍നിന്നും കഴിഞ്ഞ സെപ്റ്റംബര്‍ 15 ന് തിരുവോണദിവസമായിരുന്നു ഇരുവരുടെയും ഇ.ബി.സി യാത്ര. ദുബായില്‍നിന്നും കാഠ്മണ്ഡു. അവിടെനിന്നും വിമാനത്തില്‍ 30 മിനിറ്റെടുത്ത് ലുക്ലയിലേക്ക്. ഏകദേശം 200 കി.മീ. ചിലര്‍ ട്രക്ക് ചെയ്തും കാഠ്മണ്ഡുവില്‍നിന്നും ലുക്ലയിലെത്തും. 99 ശതമാനം പേരും സമയലാഭത്തിനായി വിമാനമാണ് ആശ്രയിക്കുന്നത്. ഏതാണ്ട് 14 സീറ്റുകളുള്ള ചെറിയ വിമാനമാണ്. ലുക്ല ലോകത്തിലെ അപകടകരമായ വിമാനത്താവളങ്ങളിലൊന്നാണ്. മഞ്ഞുവീണ മോശം കാലാവസ്ഥയാണെങ്കില്‍ വിമാനമിറങ്ങില്ല. അപ്പോള്‍ ലുക്ലയിലേക്ക് ട്രക്കിങ് തന്നെയാണ് ആശ്രയവും.
ലുക്ലയില്‍ യാത്രികരെ ചെയ്യുന്ന ഒരു ഗേറ്റുണ്ട്. പസംഗ് ലാമ എന്ന പര്‍വ്വതാരോഹകയുടെ
ചിത്രമുള്ള ഗേറ്റ്. ഇവര്‍ എവറസ്റ്റ് കയറിയ ആദ്യത്തെ നേപ്പാളി വനിതയാണ്. പര്‍വ്വതത്തിന് മുകളില്‍വെച്ചുതന്നെ അവര്‍ മരിക്കുകയും ചെയ്തു. ലുക്ലയില്‍നിന്നും വനാന്തരങ്ങളിലൂടെയായിരുന്നു ഇരുവരുടെയും ആദ്യദിനത്തിലെ യാത്ര. പ്രതികൂല കാലാവസ്ഥയിലാണ് ദുര്‍ഘടമായ ഭൂപ്രദേശങ്ങള്‍ അച്ഛനും മകളും പിന്നിട്ടത്. കടന്നുപോകുന്ന വഴികളിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായ എഡ്മണ്ട് ഹില്ലറിയുടെയും ടെന്‍സിങ് നോര്‍ഗേയുടെയും ചിത്രങ്ങളുള്ള സൈന്‍ ബോര്‍ഡിന് മുന്നില്‍നിന്നും അച്ഛനും മകളും ഫോട്ടോയുമെടുത്തു. സന്ദര്‍ശകരെ സ്വാഗതം ചെയ്യാനായി ഖുമ്ബും പാസാങ് ലഹ്‌മു റൂറല്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ചതാണ് ഈ സൈന്‍ബോര്‍ഡ്.
ഓരോ അടിയിലും കാഴ്ചകള്‍ വ്യത്യസ്തം
നേപ്പാളില്‍ പോയാല്‍ നേരിട്ട് എവറസ്റ്റ് കാണാമെന്നതാണ് പലരുടെയും ധാരണ. അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം മതിയാകും ഇ.ബി.സിയിലെത്താന്‍ എന്നാണ്. ഇ.ബി.സിയിലെത്താന്‍ കുറഞ്ഞത് എട്ട് ദിവസം വേണം. മടങ്ങാന്‍ നാല് ദിവസവും. അതികഠിനമായ എവറസ്റ്റ് സമ്മിറ്റ് നടത്തുന്നവര്‍ ഓള്‍റ്റിറ്റിയൂഡ് ശരിയാക്കാന്‍ ഇ.ബി.സിയില്‍ ഒരു മാസം താമസിക്കും. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇതിന് അനുകൂല കാലാവസ്ഥ. ഈ സമയം ഇ.ബി.സിയിലെല്ലാം മഞ്ഞ നിറത്തിലുള്ള കൂടാരങ്ങള്‍ കാണാം. മറ്റ് താത്ക്കാലിക താമസയിടങ്ങള്‍ ഇ.ബി.സിയിലുണ്ടാകില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ ക്യാമ്പ് നമുക്ക് സന്ദര്‍ശിക്കാനാവും. ഇവിടെ നേരത്തെ സമ്മിറ്റ് നടത്തിയവരുടെ വിവരങ്ങളെല്ലാം കൊത്തിവെച്ചിട്ടുണ്ട്. ഇ.ബി.സി വരെയെത്തുന്ന യാത്രയാണ് അതിമനോഹരം.
ഓരോ മീറ്റര്‍ ഉയരം പിന്നിടുമ്പോഴും കാഴ്ചകള്‍ വ്യത്യസ്തമാണ്. മരങ്ങളുടെയും ചെടികളുടെയും ആകൃതി മാറും, നിറങ്ങള്‍ മാറും. എന്തിനേറെ മൃഗങ്ങളുടെ രൂപത്തില്‍ വരെയുണ്ടാകും മാറ്റം. ആട്, കോഴി, പട്ടി എന്നിവയെല്ലാം അപ്രത്യക്ഷമാകും. ശരീരം മുഴുവന്‍ പൊതിഞ്ഞുനില്‍ക്കുന്ന രോമങ്ങളോടെയുള്ള യാക്ക് പോലുള്ള മൃഗങ്ങളാകും. മുകളിലേക്ക് ഓരോയടി കയറുന്തോറും താമസയിടം പോലും വ്യത്യസ്തമാകും. റൂമുകള്‍ക്ക് ഹീറ്റിങ് ഉണ്ടാകില്ല. രാത്രി മൈനസ് ഡിഗ്രിയിലേക്ക് താപനില വല്ലാതെ താഴ്ന്നിറങ്ങും. മഞ്ഞ് പുതഞ്ഞ മലകളും നിരത്തുകളും മരങ്ങളും അതിമനോഹര കാഴ്ചകളാണ്. വഴിയരികില്‍ ഭക്ഷണം കിട്ടും. കൂടുതലും റൈസ് ബേസ്ഡ് ഫുഡ് ആണ്. ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ചോക്ലേറ്റ്, ലാക്‌റ്റേറ്റ് കണ്ടന്റ് ഫുഡ്, മാംസം എല്ലാം കഴിവതും ഒഴിവാക്കി.
രണ്ടാംദിനം നാമ്‌ചെബസാറിലെത്തി അക്ലമൈറ്റേഷനുവേണ്ടി ഒരു ദിവസം താമസിച്ചു. നാലാം ദിനം തെംബോച്ചെ. അഞ്ചാം ദിനം ദിംബോച്ചെ. അവിടെയും ഒരു ദിവസം തങ്ങി. ഏഴാംദിനം ലുബൂച്ചെ. എട്ടാംദിവസം അതായത് സെപ്റ്റംബര്‍ 22 ന് ഗൊരക്ഷേ. അവിടെ ബാഗ് വെച്ച് ഇ.ബി.സിയിലേക്ക്. അന്നെദിവസംതന്നെ ഗൊരക്ഷേയിലെത്തി മടക്കം.
കഠിനമെങ്കിലും അനയക്കിത് മറക്കാനാവില്ല
കുഞ്ഞുകാലടികള്‍ വെച്ച് ദുഷ്‌കരമായിരുന്നു യാത്രയെങ്കിലും മറക്കാനാവാത്ത അനുഭവങ്ങളുമായാണ് അനയ അച്ഛനൊപ്പം മടങ്ങിയത്. ഒരിടക്ക് അരിയും പയറും ചേര്‍ന്ന നേപ്പാളിലെ പ്രധാന വിഭവമായ ദാല്‍ ഭട് കഴിച്ചിട്ടാണോ മറ്റോ അനയക്ക് ഗ്യാസ് പ്രശ്‌നവും വയറുവേദനയുമെല്ലാം വന്നു. ശര്‍ദ്ദിക്കാനും തുടങ്ങി. അച്ഛനെടുത്ത് മുകളിലെത്തിക്കാം എന്നാവശ്യപ്പെട്ടിട്ടും താന്‍ സമ്മതിച്ചില്ലെന്ന് അനയ. 'അത് ചീറ്റിങ് അല്ലേ, നടന്നുതന്നെ പോകണം. പ്രോപ്പര്‍ ഹൈക്ക് വേണം. കുതിരപ്പുറത്തും ഞാന്‍ കയറില്ല' അനയക്കത് വാശിയായിരുന്നു. പാറകളിലൂടെയും മഞ്ഞിലൂടെയും നദികള്‍ക്ക് കുറുകെയും കുഞ്ഞിക്കാലുകള്‍വെച്ച് അവള്‍ നടന്നുകയറി. തുടക്കത്തില്‍ ഇടക്കിടെ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് (താത്ക്കാലിക പാലങ്ങള്‍) ഉണ്ടെങ്കിലും പിന്നെയെല്ലാം ഒരു ഏഴ് വയസ്സുകാരിയെ സംബന്ധിച്ച് റിസ്‌ക് ആയിരുന്നു. യാത്രയില്‍ ചില വഴികള്‍ നമുക്ക് ദൂരെ കാണാം. എന്നാല്‍ നടന്നാല്‍ എത്തില്ല. പിന്നെ കുത്തനെയുള്ള കയറ്റിറക്കങ്ങള്‍. എന്നാല്‍ ജീവിതത്തിലെ മറ്റൊരു സ്വപ്‌നം കൂടിയായിരുന്ന നിറയെ മഞ്ഞുനിറഞ്ഞ കാഴ്ചകള്‍ കാണാനും മഞ്ഞുവാരി കളിക്കാനുള്ള മോഹവും അനയ സാധിച്ചു. ഓരോ താമസയിടത്തും നേപ്പാളിലെ പ്രദേശവാസികള്‍ അനയക്കൊപ്പം കളിക്കാന്‍ കൂടി. കുട്ടികള്‍ ഭക്ഷണം പങ്കുവെച്ചും മുടി കെട്ടിക്കൊടുത്തും ഡ്രസ് അണിയിച്ചുമെല്ലാം കൂടെക്കൂട്ടി. ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് പരസ്പരം സംസാരിച്ചു. പല നാട്ടുകാര്‍, പല ഭാഷക്കാര്‍ എല്ലാവരെയും ഒരൊറ്റ യാത്രയിലൂടെ അടുപ്പക്കാരാക്കി. ഇടമുറിയാത്ത സംസാരം കേട്ടായിരിക്കണം വഴിയരികില്‍ കണ്ടുമുട്ടിയ മറ്റ് സാഹസികയാത്രക്കാര്‍ക്കെല്ലാം അനയ കൗതുകമായി. അവരുടെ മക്കള്‍ക്കും പേരമക്കള്‍ക്കുമെല്ലാം കാണിക്കാന്‍ 30 ലേറെ പേര്‍ ഒപ്പംനിന്ന് ചിത്രമെടുത്തു. ഇന്ത്യന്‍സും യൂറോപ്യന്‍സുമായിരുന്നു അധികവും. കേരളത്തില്‍നിന്നുള്ള രണ്ടുപേരെ മാത്രമാണ് കാണാനായത്. രണ്ടാഴ്ചയിലെ മകളുടെ ക്ലാസ് പോയെങ്കിലെന്താ ഈ അനുഭവങ്ങള്‍ മകള്‍ക്ക് നല്‍കാനായല്ലോ എന്ന സന്തോഷവും രഞ്ജിത് പങ്കുവെച്ചു. പ്രഥമശുശ്രൂഷയില്‍ നല്ല അറിവുള്ളവരാണ് ഗൈഡുകളെങ്കിലും അവശ്യസാധനങ്ങള്‍ കയ്യില്‍കരുതിയായിരുന്നു യാത്ര. എല്ലാ ദിവസവും അനയയുടെ ആരോഗ്യം പരിശോധിക്കും.
ഹൈക്കിങ് തന്നെ അനയയുടെ ഹോബി
ഇതിനകം 20 നടുത്ത് ഹൈക്കിങ് അനയ ചെയ്തുകഴിഞ്ഞു. യു.എ.ഇയിലാണ് അധികവും. 10 കിലോമീറ്റര്‍ ജബല്‍ ജെയ്‌സ് ഹൈക്ക് ചെയ്തിരുന്നു. പ്രകൃതിയാണ് അനയക്കിഷ്ടം. ഓട്ടം, സ്വിമ്മിങ് എല്ലാം സ്ഥിരമായി ചെയ്യുന്നു. യു.എ.ഇയിലെ ഒരു ഹൈക്കിങ് ഗ്രൂപ്പിന്റെ പിന്തുണയും ഇരുവര്‍ക്കുമുണ്ട്. യാത്രയിലെ ഓരോ കാര്യങ്ങളും സുഹൃത്ത് നിധിന്‍ ഗ്രൂപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. അവരുടെ നിര്‍ദേശങ്ങളും യാത്രയിലുണ്ടായി. ഹൈക്കിങ്, ട്രയാത്തലോണ്‍ വീഡിയോസ് സ്ഥിരമായി കാണുന്ന അച്ഛനെ നോക്കി മകളെപ്പോഴും കളിയാക്കുമായിരുന്നു. എന്നാല്‍ ആ പാതയിലേക്ക് മകളെത്തിയ സന്തോഷത്തിലാണ് ദുബായില്‍ ലബോറട്ടറി ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്യുന്ന അമ്മ രാഖി രഞ്ജിത്തും. രഞ്ജിത് ഗ്രാന്‍ഡ് സ്‌റ്റോറിലെ സീനിയര്‍ ചാനല്‍ മാനേജരാണ്.
ഷാര്‍ജ ജെംസ് അവര്‍ ഔണ്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അനയ. ദുബായിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഖാലിദ് അല്‍ അമേരി, യുട്യൂബര്‍ നാസ് ഡെയിലുമെല്ലാം അനയയുടെ പ്രിയപ്പെട്ടവരാണ്. കളിമഞ്ചാരോ കയറണമെന്നതാണ് ഇവരുടെ അടുത്ത മോഹം. അല്ലെങ്കില്‍ നേപ്പാളിലെ മേരാ പീക്ക് കയറണം.
പട്ടാമ്പി സ്വദേശികളായ ഈ കുടുംബം ഷാര്‍ജയിലാണ് താമസം.
Content Highlights: Gulf Feature, Vanitha