കീഴാറ്റൂരിലെ 'പെണ്‍ നടന്‍'

നടനിലേക്കുള്ള വരവ്
കാലം ഒരു നടനാക്കി എന്നതാണ് സത്യം. ഒരു കലാകാരന്‍ ആകണം എന്ന ആഗ്രഹം കുട്ടിക്കാലത്തുതന്നെ മനസ്സില്‍ മൊട്ടിട്ടതാണ്. നടന്‍ എന്നതിലപ്പുറം സംവിധായകന്റെ ഇരിപ്പിടത്തില്‍ സ്ഥാനം ഉറപ്പിക്കണം എന്നായിരുന്നു മനസ്സില്‍ കയറിക്കൂടിയ ആഗ്രഹം. പക്ഷെ, ആഗ്രഹിച്ചതൊക്കെ കരസ്ഥമാക്കുവാന്‍ സാധിക്കില്ല എന്ന് പറഞ്ഞതുപോലെ എത്തിപ്പെട്ടത് അഭിനയത്തിന്റെ കൂടാരത്തിലേക്കാണ്. സിനിമയിലായാലും നാടകത്തിലായാലും പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിക്കുവാന്‍ സാധിച്ചു എന്നത് സന്തോഷത്തിനു വക നല്‍കുന്നു. സത്യത്തില്‍ ഒരു നടനാക്കിയത് മലബാറിലെ അനുഷ്ഠാന കലയായ തെയ്യമാണ്. ചെറുപ്പംതൊട്ടേ തെയ്യം കണ്ടുവളര്‍ന്നപ്പോള്‍ അതിലെ ഭാവ- അഭിനയാദി- താളവുമൊക്കെ ഉള്‍പ്പെട്ട ഒരു 'തിയേറ്റര്‍ ' വളരെ സ്വാധീനം ചെലുത്തി. അതോടൊപ്പം നാട്ടിന്‍പുറത്തെ ക്ഷേത്രങ്ങളില്‍ അരങ്ങേറിയ നൃത്ത നാടകങ്ങള്‍ ഒരു നടനിലേക്കുള്ള യാത്രയ്ക്ക് പ്രചോദനം നല്‍കി.
നടനില്‍ നിന്നും 'പെണ്‍ നടനി'ലേക്ക്
നാടകത്തില്‍ അഭിനയിക്കുവാന്‍ സ്ത്രീകള്‍ എത്താതിരുന്ന കാലത്ത് 1930 കളില്‍ പെണ്‍വേഷം കെട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടന്‍ ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിതം പറയുന്ന നാടകമാണ് 'പെണ്‍ നടന്‍ '. മലയാള നാടക ചരിത്രത്തില്‍ എന്തുകൊണ്ടോ ഇടം പിടിക്കാതെ പോയ ആ അതുല്യ പ്രതിഭയോടുള്ള ആദരവ് പ്രകടിപ്പിക്കുക, സമൂഹത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും അനാവരണം ചെയ്യുക എന്നുള്ള സദുദ്ദേശം പെണ്‍ നടനിലേക്ക് എത്തിച്ചു. 2015 മെയ് 14 ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ തുടങ്ങിയ പെണ്‍ നടന്റെ യാത്ര നൂറിലധികം വേദികള്‍ കടന്ന് ഒരു ദശത്തിന്റെ നിറവിലേക്ക് കടക്കുന്നു. വേലിക്കുട്ടിയാശാന്റെ കഥ പറയുന്ന 'അവതാര പുരുഷന്‍' എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ് പെണ്‍ നടന്‍ എന്ന ഏകപാത്ര നാടകത്തിന്റെ പിറവി. അതോടൊപ്പം 2013 ല്‍ കമല്‍ സംവിധാനം ചെയ്ത നടന്‍ എന്ന സിനിമയില്‍ വേലിക്കുട്ടിയാശാനിലെ പെണ്‍ നടനെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞത് ഈ ഏകപാത്ര നാടകത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആക്കം കൂട്ടി.
പ്രവാസത്തിലെ 'പെണ്‍ നടന്‍'
വിദേശത്ത് ആദ്യമായ് പെണ്‍ നടന്‍ അവതരിപ്പിക്കുന്നത് 2016 ല്‍ ഷാര്‍ജയിലാണ്. പിന്നീട് ദുബായിലും അബുദാബിയിലുമൊക്കെ നിറഞ്ഞ സദസ്സില്‍ ഈ നാടകം അവതരിക്കപ്പെട്ടു. കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പെണ്‍ നടന്‍ അരങ്ങിലെത്തിയിട്ടുണ്ട്. ഏറെകാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമാണ്, കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമായ ഭരത് മുരളി നാടകോത്സവത്തെ ധന്യമാക്കുന്ന കേരള സോഷ്യല്‍ സെന്ററിന്റെ അരങ്ങില്‍ നാടകം അവതരിപ്പിക്കുക എന്നുള്ളത്. അബുദാബി ശക്തി തിയേറ്ററിലൂടെ ആ ആഗ്രഹവും ഇപ്പോള്‍ സഫലമായി എന്നതില്‍ ഏറെ സന്തോഷം. ഒരുമണിക്കൂര്‍ ഇരുപതുമിനുറ്റ് ദൈര്‍ഘ്യം വരുന്ന ഈ നാടകം ഇതുവരെ യു.എ ഇ യില്‍ നാല് വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, ഓസ്ട്രേലിയ, അമേരിക്ക, സിങ്കപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പെണ്‍ നടനെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
പ്രവാസികളുടെ കലാപ്രവര്‍ത്തനം, ആസ്വാദനം
ജീവിതത്തിന്റെ ഊടും പാവും നെയ്യുവാന്‍ കടല്‍ കടന്നവര്‍ കലയോട് കാണിക്കുന്ന അഭിനിവേശം, ആത്മാര്‍പ്പണം തുടങ്ങിയവ അതിശയിപ്പിക്കുന്നതാണ്.ഇത് വാക്കുകള്‍ക്കതീതമാണ്. കലയെ ഗൗരവമായി കാണുന്നവരാണ് പ്രവാസികള്‍.ഒപ്പം അകമഴിഞ്ഞ പ്രോത്സാഹനവും അവര്‍ നല്‍കുന്നു. ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ഭരത് മുരളി നാടകോത്സവത്തില്‍ പങ്കാളികളാകുന്ന കലാകാരന്മാരുടെ ആത്മാര്‍പ്പണത്തെക്കുറിച്ചൊക്കെ ഏറെ അറിഞ്ഞിട്ടുണ്ട്. നാടകത്തെ നില നിര്‍ത്തുന്നതിലും കൂടുതല്‍ ജനകീയമാക്കുന്നതിലും ഇവിടുത്തെ നാടക പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പെണ്‍ നടന്‍ അവതരിപ്പിച്ചത് വലിയൊരു ജനക്കൂട്ടത്തിന്റെ മുന്നിലാണ് എന്നത് ഒരു കലാകാരന്‍ എന്നതില്‍ അഭിമാനം തരുന്നു, സന്തോഷം തരുന്നു. ഓരോ പ്രവാസിയും കലയെ ബഹുമാനത്തോടെ നോക്കിക്കാണുന്നവരാണ്, പ്രോത്സാഹിപ്പിക്കുന്നവരാണ്, ആസ്വദിക്കുന്നവരാണ്. കലാ പ്രവര്‍ത്തനത്തോടൊപ്പം നമ്മുടെ സംസ്‌കാരത്തെ നിലനിര്‍ത്തുവാനും അത് പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുവാനും കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്തുപറയുകതന്നെ വേണം.
നടന സഞ്ചാരത്തിലെ സംതൃപ്തി
നാല്‍പ്പത് വര്‍ഷമായി തുടരുന്ന കലായാത്ര നല്ല രീതിയില്‍ തുടരുന്നു. അവസരങ്ങള്‍ ഇല്ലാതിരുന്ന സമയമുണ്ടായിരുന്നു. അതൊക്കെ മറികടക്കുവാന്‍ സാധിച്ചു. ആഗ്രഹിച്ചതൊക്കെ കലാരംഗത്ത് ഇതുവരെ നേടുവാന്‍ സാധിച്ചില്ലെങ്കിലും ഒട്ടും നിരാശയില്ല. നഷ്ടബോധം എന്നത് ഇതുവരെ പികൂട്ടിയിട്ടില്ല. ശ്രമം തുടരുക എന്നതാണല്ലോ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യം. ഇതുവരെ നൂറോളം സിനിമകളില്‍ അഭിനയിച്ചു, ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. തട്ടകം നാടകം തന്നെയാണ്. നാടകമാണല്ലോ ഒരു സിനിമാ നടനാക്കിയത്.
നടനെന്ന രീതിയില്‍ പ്രവാസികളോട്
നടനെന്ന രീതിയില്‍ പ്രവാസികളോട് പറയാനുള്ളത് ഉള്ളിലുള്ള സര്‍ഗ്ഗ വാസനകളെ ഏതു മുഖേനയും പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് . പ്രവാസ ലോകത്ത് പരിമിതികള്‍ ഉണ്ടാകാം . എങ്കിലും അവയൊക്കെ മറികടന്നുകൊണ്ട് നമ്മളില്‍ നിറഞ്ഞുനില്‍ക്കുന്ന കലാവാസനകളെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുവാന്‍ സാധിക്കണം.
ഇഷ്ടപ്പെട്ട വേഷങ്ങള്‍
ഒരു പ്രവാസിയുടെ ദുരിതപൂര്‍വ്വമായ കഥ പറഞ്ഞ പത്തേമാരിയിലെ മജീദ്, വിക്രമാദിത്യനിലെ കുഞ്ഞുണ്ണി, വര്‍ഷത്തിലെ മന്ത്രി , പുലിമുരുകനിലെ അച്ഛന്‍ , ഓടുന്നോന്‍ എന്ന സിനിമയിലെ പപ്പന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഒരു നടനെന്ന രീതിയില്‍ തൃപ്തി നല്‍കി.
ഇനിയുള്ള യാത്ര
ഇതുവരെ തുടര്‍ന്നതുപോലെ തന്നെ തുടരുവാന്‍ തന്നെയാണ് ആഗ്രഹം. പുതിയ അവസരങ്ങള്‍ നാടകത്തിലായാലും സിനിമയിലായാലും തേടി വരുന്നുണ്ട്. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായക വേഷത്തില്‍ വരെ എത്തിച്ചേരുവാന്‍ സാധിച്ചു എന്നുള്ളതുതന്നെ വലിയൊരു കാര്യമല്ലേ. 2003 ല്‍ പുറത്തിറങ്ങിയ ചക്രത്തിലെ സതീശന്‍ എന്ന കഥാപാത്രത്തില്‍ തുടങ്ങി 2024 ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ശോഭന എന്നിവര്‍ അഭിനയിച്ച പേരിടാത്ത ചിത്രത്തില്‍ വരെ എത്തിനില്‍ക്കുന്നു സിനിമാ യാത്ര.
Content Highlights: gulf feature