പച്ചപ്പിന് നടുവില് 25 ട്രാം സ്റ്റേഷനുകള്; ഇ-311 പാതയിലെ കുരുക്കഴിക്കാൻ വരുന്നൂ ട്രാം

യു.എ.ഇ.യിലെ ഏറ്റവും തിരക്കേറിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ (ഇ-311) കുരുക്ക് ഒഴിവാക്കാൻ നവീനപദ്ധതി ഒരുങ്ങുന്നു. നൂതന ട്രാംസർവീസാണ് ഗതാഗതക്കുരുക്കിന് പരിഹാരമായി ഒരുങ്ങുന്നത്. പദ്ധതി ഉൾക്കൊള്ളുന്ന 64 കിലോമീറ്റർഭാഗം മുഴുവൻ പച്ചപ്പ് നിറഞ്ഞ ഉദ്യാനമാക്കി മാറ്റും. ‘അർബൻ ഫാം ആൻഡ് ഗാർഡൻസ്’ എന്ന ആശയത്തിലാണിത്. ദുബായ് ആസ്ഥാനമാക്കി നഗരാസൂത്രണ വികസനരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇതിനുള്ള രൂപരേഖ തയ്യാറാക്കുന്നത്. പദ്ധതിയുടെ അന്തിമരൂപരേഖ പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.
നാലുഘട്ടങ്ങളിലായി പത്തുവർഷംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ് 10 ബില്യൺ യു.എസ്. ഡോളറാണ്. പച്ചപ്പിന് നടുവിൽ 25 ട്രാം സ്റ്റേഷനുകൾ ഉൾകൊള്ളുന്നതായിരിക്കും പദ്ധതി. നഗരത്തിലെ ഗതാഗതകുരുക്കുകളിൽനിന്ന് ശാശ്വതമായ പരിഹാരമാണ് ഇത് മുന്നോട്ടുവെക്കുന്നത്. ദുബായ് ഇൻഡസ്ട്രിയൽ സിറ്റിമുതൽ മുഹൈസിനവരെയുള്ള ഭാഗങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും ട്രാം സർവീസ്. ദുബായിൽ മാത്രം രജിസ്റ്റർചെയ്ത വാഹനങ്ങളുടെ എണ്ണം 18 ലക്ഷത്തിലേറെയാണ്. 25 ലക്ഷംപേർ ഇതുവരെ ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിട്ടുമുണ്ട്. വരുംവർഷങ്ങളിൽ ഈ കണക്കുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് വേഗത്തിൽ ഉയരുമെന്നതിലും സംശയമില്ല. അതുകൊണ്ടുതന്നെ ഏറ്റവും സുസ്ഥിരമായ ഒരു ബദൽ ഗതാഗതസംവിധാനത്തിന് ദുബായ് നഗരത്തിൽ പ്രസക്തിയേറെയാണ്.
സുസ്ഥിര ഊർജ ഉപഭോഗസംസ്കാരമെന്ന ആശയത്തിൽ നൂറുശതമാനം സൗരോർജത്തിലായിരിക്കും ട്രാം സർവീസ് നടത്തുക. ഇതിനായി 300 മെഗാവാട്ടിന്റെ സൗരോർജസംവിധാനമാണ് ഒരുക്കുക. ട്രാക്കിൽ സോളാർ സംവിധാനങ്ങൾ ഘടിപ്പിക്കുന്ന രീതിയാണ് ഇതിൽ അവലംബിക്കുക. ഇത് സുസ്ഥിര ഊർജ സ്രോതസ്സായി പ്രവർത്തിക്കുമെന്നതിനുപുറമേ, ട്രാം സംവിധാനത്തിന്റെ പുറമേനിന്നുള്ള ഭംഗിയും മെച്ചപ്പെടുത്തും. ട്രാം റൂട്ടിനോട് ചേർന്നൊരുക്കുന്ന ഉദ്യാനവുമായിച്ചേർന്ന് നടപ്പാതയും സൈക്കിൾട്രാക്കും പദ്ധതിയിലുണ്ട്. ശുദ്ധവായു ശ്വസിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് വ്യായാമംചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ഉറപ്പാക്കുന്നു. ഇതോടൊപ്പംതന്നെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും അവസരമൊരുക്കും.
റോഡുകളിലെ തിരക്ക് പരമാവധി കുറച്ചുകൊണ്ട് ആളുകൾക്ക് സുഖകരമായി യാത്ര ചെയ്യാമെന്നതിനൊപ്പം ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിനും ഇത് വഴിവെക്കും. നഗരത്തിലെ പരിമിതസാഹചര്യങ്ങളിൽ നടപ്പാക്കാവുന്ന നവീന കൃഷിരീതികൾക്കും ഇതിൽ അവസരമുണ്ട്. വെർട്ടിക്കൽ ഫാമിങ് പോലുള്ള രീതികൾക്കായി പ്രത്യേക ഭാഗം മാറ്റിവെക്കും. നഗരവാസികൾക്ക് സ്വന്തം ഭക്ഷണപദാർഥങ്ങൾ സ്വയം ഉത്പാദിപ്പിക്കാനുള്ള വലിയ ആശയം കൂടിയാവും ഇത്.
യു.എ.ഇ.യിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള ഉയർന്നതോതിലുള്ള മഴ, കനത്ത ചൂട് എന്നിവ മുന്നിൽക്കണ്ടുകൊണ്ടുള്ള രീതിയിലായിരിക്കും നിർമാണം. കനാലുകൾ, കാട് എന്നിവ ഒരുക്കുകവഴി പ്രകൃതിയുടെ വെല്ലുവിളികളിൽനിന്ന് സുസ്ഥിരമായ പരിരക്ഷയുറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ട്രാമിനുപുറമെ ദുബായ് മെട്രോ സർവീസ് വിപുലീകരണവും ത്വരഗതിയിലാണ്. അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസനപദ്ധതിക്ക് ഇതിനകം തന്നെ തുടക്കമായി. ‘20 മിനിറ്റ് സിറ്റിപ്ലാൻ’ എന്ന ആശയത്തിലാണ് ഇത് നടപ്പാക്കുന്നത്. സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ഏറ്റവും സ്വസ്ഥവും എളുപ്പത്തിലുമുള്ള യാത്ര ഒരുക്കുകയാണ് ഇതിലൂടെ.
നിലവിൽ 64 സ്റ്റേഷനുകൾ ബന്ധപ്പെടുത്തിക്കൊണ്ട് 84 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസാണ് ദുബായ് മെട്രോ നടത്തുന്നത്. ഇത് 2030-ഓടെ 96 സ്റ്റേഷനുകളെ ബന്ധപ്പെടുത്തി 140 കിലോമീറ്ററായി ഉയർത്തും. 2040-ഓടെ 140 സ്റ്റേഷനുകൾ എന്ന നിലയിലേക്ക് ഉയർത്തും. 228 കിലോമീറ്റർ ദൂരമാണ് അക്കാലത്ത് മെട്രോ സർവീസ് നടത്തുക. താമസകേന്ദ്രങ്ങളിൽനിന്ന് തൊഴിലിടങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ അടുത്ത ഇരുപതുവർഷംകൊണ്ട് ഏറ്റവും ആയാസരഹിതമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ വ്യക്തമാക്കി.
20 മിനിറ്റ് പ്ലാൻ വഴി ദുബായിലെ താമസക്കാർക്ക് എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും 20 മിനിറ്റ് യാത്രാചുറ്റളവിനുള്ളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റി എൻജിനിയറിങ് വിഭാഗം മേധാവി ഡോ. മോണിക്ക മെനെൻദസ് പറഞ്ഞു. സമീപപ്രദേശങ്ങളെയെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് ഒരു സമഗ്ര ഗതാഗതസംവിധാനം നിലവിൽവന്നാൽ മാത്രമാണ് ഇത് നടപ്പാകുക. ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളുടെ നഷ്ടമാണ് ദുബായിൽ ഓരോ വ്യക്തിക്കും സംഭവിക്കുന്നത്. തൊഴിലിടങ്ങളിൽ മാത്രമല്ല, ആരോഗ്യ, സാമൂഹിക ജീവിതത്തിലും വലിയ വെല്ലുവിളിയാണ് ഈ സമയനഷ്ടമുണ്ടാക്കുന്നത്. 20 മിനിറ്റ് പദ്ധതിയിലൂടെ ഗതാഗതസംവിധാനം കാര്യക്ഷമമാക്കുന്നതോടൊപ്പം കാർബൺമാലിന്യമുക്തമായ ഒരു അന്തരീക്ഷവും ഉറപ്പാക്കാനാകും.
Content Highlights: gulffeature