തിരുപ്പരങ്കുണ്ഡ്രം: 300 ആളുകളുടെ പേരിൽ കേസ്; പോലീസ് സുരക്ഷ തുടരുന്നു

ചെന്നൈ : തിരുപ്പറങ്കുണ്ഡ്രം മലയിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത 300 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. ഇതിൽ ഭൂരിഭാഗവും ബി.ജെ.പി., ഹിന്ദുമുന്നണി പ്രവർത്തകരാണ്. അനുമതിയില്ലാതെ സംഘം ചേരൽ, പൊതുസമാധാനം തകർക്കൽ തുടങ്ങി ആറു വകുപ്പുകൾ പ്രകാരമാണ് മധുര പോലീസ് കേസെടുത്തത്.
സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ തിരുപ്പറങ്കുണ്ഡ്രത്തും പരിസര പ്രദേശങ്ങളിലും ബുധനാഴ്ചയും കനത്ത പോലീസ് സുരക്ഷ തുടർന്നു. 5,618 പോലീസുകാരെയാണ് വിന്യസിച്ചിട്ടുളളത്. നിരീക്ഷണത്തിനായി 70-ലധികം സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചു. മലമുകളിലേക്ക് ഭക്തർക്കും പൊതുജനങ്ങൾക്കും രണ്ടാംദിവസവും പ്രവേശനം വിലക്കി.
തൃക്കാർത്തികദിനമായ ചൊവ്വാഴ്ച മലമുകളിലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനു സമീപത്തെ പരമ്പരാഗത സ്ഥലത്ത് ദീപം തെളിയിച്ചിരുന്നു. എന്നാൽ, സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവെന്നും ഇത് ലംഘിച്ചെന്നുമാരോപിച്ചാണ് പ്രതിഷേധമുയർന്നത്.
മുൻകരുതൽ നടപടിയെന്ന നിലയിൽ ബി.ജെ.പി. നേതാക്കളായ മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ, തമിഴിസൈ സൗന്ദർരാജൻ, പൊൻ രാധാകൃഷ്ണൻ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.