പ്രചാരണത്തിൽനിന്ന്‌ മുതിർന്ന നേതാക്കൾ പുറത്ത്

അണ്ണാ ഡി.എം.കെ.യിൽ വീണ്ടും ഉൾപ്പോര്

ചെന്നൈ : മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിൽനിന്ന് അണ്ണാ ഡി.എം.കെ.യിലെ മുതിർന്ന നേതാക്കൾ പുറത്തായി.

ഇതോടെ അണ്ണാ ഡി.എം.കെ. പാർട്ടിയിലെ ഉൾപ്പോര് വീണ്ടുംമുറുകി. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ള പ്രമുഖർ താരപ്രചാരകരുടെ പട്ടികയിലുണ്ട്. എന്നാൽ മുൻ മന്ത്രിമാരും മുതിർന്നനേതാക്കളുമായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം, തങ്കമണി എന്നിവർ ഒഴിവാക്കപ്പെട്ടത് വലിയ ചർച്ചയായിട്ടുണ്ട്. താരപ്രചാരകരുടെ അന്തിമപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.

പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് നേതാക്കളെയും പ്രചാരണ ചുമതലകളിൽനിന്ന് മാറ്റിയതെന്നാണ് പറയുന്നത്. നേരത്തേ ജില്ലാസെക്രട്ടറി പദവികൾ വഹിച്ചിരുന്ന വേലുമണിയെയും ഷൺമുഖത്തെയും അടുത്തിടെ പളനിസ്വാമി നീക്കിയത് വലിയഎതിർപ്പുകൾക്ക് ഇടവരുത്തിയിരുന്നു. അതിനു പിന്നാലെയാണ് നിലവിലെ നടപടി.

ഇതോടെ പളനിസ്വാമിയും വേലുമണിയും ഷൺമുഖവും തമ്മിലുള്ള ഭിന്നത വീണ്ടുംകനത്തു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ടി.വി.കെ. സർക്കാരിന് പിന്തുണ നൽകുന്നതുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് ഷൺമുഖത്തെയും വേലുമണിയെയും ജില്ലാ സെക്രട്ടറി പദവികളിൽനിന്നും പളനിസ്വാമി നീക്കിയത്. തുടർന്ന് മറ്റ് ഉത്തരവാദിത്വങ്ങൾ നൽകിയെങ്കിലും അവർ നിരസിച്ചു. പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തിയ ഇവർ ജനറൽ കൗൺസിൽ വിളിച്ചുചേർക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.

എന്നാൽ ഇതുവരെ പളനിസ്വാമി അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് താരപ്രചാരകരുടെ പട്ടികയിൽനിന്ന്‌ മൂന്നു പ്രധാന നേതാക്കൾ ഒഴിവാക്കപ്പെടുന്നത്.