ചെന്നൈ-മഹാബലിപുരം-പുതുച്ചേരി; യാത്രാക്കപ്പൽ വരുന്നു

ചെന്നൈ : പുതുച്ചേരിയെയും മഹാബലിപുരത്തെയും ചെന്നൈയുമായി ബന്ധിപ്പിച്ചുകൊണ്ട് യാത്രാക്കപ്പൽ സർവീസ് തുടങ്ങുന്ന കാര്യം തമിഴ്നാട് പരിഗണിക്കുന്നു. സർവീസ് നടത്താൻ തയ്യാറുള്ള സ്വകാര്യ സംരംഭകരിൽനിന്ന് തമിഴ്നാട് മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.
പൈതൃക കേന്ദ്രമായ മഹാബലിപുരെത്തയും പുതുച്ചേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ചെന്നൈയുമായി ബന്ധിപ്പിച്ചുകൊണ്ട് സമുദ്രസഞ്ചാരം യാഥാർഥ്യമാക്കാനാണ് തമിഴ്നാട് സർക്കാർ ഉദ്ദേശിക്കുന്നത്. കടലോര വിനോദസഞ്ചാരത്തിന് ഇത് വൻ കുതിപ്പേകുമെന്നാണു പ്രതീക്ഷ. ഈസ്റ്റ് കോസ്റ്റ് റോഡിന് സമാന്തരമായിട്ടായിരിക്കും ബംഗാൾ ഉൾക്കടലിലെ സമുദ്രപാത. 80 നോട്ടിക്കൽ മൈൽ ദൈർഘ്യമാണ് ഇതിനുണ്ടാകുക. തമിഴ്നാട്, പുതുച്ചേരി സർക്കാരുകളും കേന്ദ്രവും തുറമുഖ അധികൃതരും മറ്റു നിയന്ത്രണ അതോറിറ്റികളും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ചെന്നൈ തുറമുഖത്തെ ഡോ. അംബേദ്കർ ഡോക്കിലുള്ള പാസഞ്ചർ ടെർമിനലിൽ നിന്നു പുറപ്പെട്ട് പുതുച്ചേരിയിലെ കപ്പൽത്തുറയിൽ അവസാനിക്കുന്ന വിധത്തിലാവും സർവീസ്. മഹാബലിപുരത്ത് നിലവിൽ യാത്രാക്കപ്പൽ അടുപ്പിക്കാനുള്ള സൗകര്യമില്ല. ഇവിടെ അതിനുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ വിവിധ ഏജൻസികളുടെ അനുമതി ആവശ്യമാണ്.
സർവീസ് നടത്താൻ അനുയോജ്യമായ യാനങ്ങളുടെയും അതിൽ സഞ്ചരിക്കാൻ കഴിയുന്ന യാത്രക്കാരുടെയും എണ്ണവും മറ്റു വിശദാംശങ്ങളും ഡിസംബർ ഒന്നിനു മുൻപ് സമർപ്പിക്കാണു നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ സാധ്യതാപഠനം നടത്തിയ ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. തെക്കുപടിഞ്ഞാറൻ, വടക്കു കിഴക്കൻ കാലവർഷങ്ങളുടെ സമയത്ത് ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതുകൂടി കണക്കിലെടുത്തേ ഏതു യാനം വേണമെന്നും എത്ര സർവീസ് നടത്താനാകുമെന്നും തീരുമാനിക്കൂ. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് ഒന്നിലധികം സംരംഭകരെ ഉപയോഗപ്പെടുത്തി വിപുലമാക്കാനും പദ്ധതിയുണ്ട്.