മയക്കുമരുന്നു വേട്ട

ഒറ്റദിവസം 344 പേർ അറസ്റ്റിൽ
ചെന്നൈ : തമിഴ്നാട്ടിലുടനീളം പോലീസ് നടത്തിയ വൻ മയക്കുമരുന്നു വേട്ടയിൽ ഒറ്റദിവസം അറസ്റ്റിലായത് 344 പേർ. 283 കേസുകൾ രജിസ്റ്റർചെയ്തു. 245 കിലോഗ്രാം കഞ്ചാവും 19.8 കിലോഗ്രാം ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തു. തീവണ്ടികൾ, ബസുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, ചെക്ക് പോസ്റ്റുകൾ തുടങ്ങിയ ഇടങ്ങളിൽ പോലീസ് നായകളെ ഉപയോഗിച്ചായിരുന്നു പരിശോധന.
തമിഴ്നാടിനെ മയക്കുമരുന്ന് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഡി.ജി.പി. മഹേഷ് കുമാർ അഗർവാളിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സംസ്ഥാനത്തെ 38 ജില്ലകളിലും ഒൻപതു നഗരങ്ങളിലുമായി പ്രത്യേക സംഘങ്ങൾ പരിശോധന നടത്തിയത്. ഇതിൽ ഒളിവിലായിരുന്ന 64 കുറ്റവാളികളെ കണ്ടെത്തി.
സംസ്ഥാനത്തുടനീളം കണ്ടെത്തിയ 3,242 മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകളിൽ 1,367 എണ്ണം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമീപമാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് വരുകയും കടന്നുപോകുകയും ചെയ്യുന്ന 419 ട്രെയിനുകളിൽ 357 എണ്ണത്തിൽ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.), ഗവൺമെന്റ് റെയിൽവേ പോലീസ് (ജി.ആർ.പി.) എന്നിവയുമായി ഏകോപിപ്പിച്ച് പോലീസ് നായകളുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. തീവണ്ടികളിൽനിന്നു മാത്രം 105 കിലോഗ്രാം കഞ്ചാവു പിടിച്ചു.
സർക്കാർ, സ്വകാര്യ കോളേജുകൾക്കു കീഴിലുള്ള 890 ഹോസ്റ്റലുകളിലും പരിശോധന നടത്തി മയക്കുമരുന്നുകൾ പിടിച്ചെടുത്തു. 804 കേസുകളിൽ പ്രതികളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന, ജില്ലാ അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ 23,744 വാഹനങ്ങൾ പരിശോധിക്കുകയും 62 കേസുകൾ രജിസ്റ്റർ ചെയ്യുകയുംചെയ്തു.
കഞ്ചാവ്, ഗുഡ്ക, ഇന്ത്യൻ നിർമിത വിദേശമദ്യം തുടങ്ങിയവ ഇതിലൂടെ പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കുന്നവർ, കടത്തുന്നവർ, വിതരണംചെയ്യുന്നവർ, വ്യാപാരത്തെ പിന്തുണയ്ക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളെയാണ് പോലീസ് ലക്ഷ്യമിട്ടിരുന്നത്.