പൂജ അവധിക്ക് യാത്രാത്തിരക്ക് രൂക്ഷം; പ്രത്യേക തീവണ്ടികൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ

ചെന്നൈ : പൂജ അവധിക്ക് നാട്ടിലെത്താൻ ചെന്നൈ മലയാളികൾ പെടാപ്പാടുപെടും. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റുകളില്ല.
ഒക്‌ടോബർ 16-നും 17-നുമാണ് ഏറ്റവും കൂടുതൽ തിരക്കുണ്ടാവുക. 20, 21 തീയതികളിലാണ് മഹാനവമിയും വിജയദശമിയും. ഇത് ചൊവ്വ, ബുധൻ ആഴ്ചകളാണ്. തിങ്കളാഴ്ച ഒരുദിവസം അവധിയെടുത്താൽ തുടർച്ചയായി അഞ്ച് ദിവസം കിട്ടുമെന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിലായി നാട്ടിലേക്ക് പോവാൻ കാത്തിരിക്കുകയാണ് ഏറെപ്പേരും. കേരളത്തിലേക്കുള്ള എല്ലാ തീവണ്ടികളിലും ഈ ദിവസങ്ങളിൽ വൻ തിരക്കാണ്. ചെന്നൈ-തിരുവനന്തപുരം മെയിലിൽ (12623) ഓക്‌ടോബർ 16-നും 17-നും സ്ലീപ്പർ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 188 വീതമാണ്. ചെന്നൈ- തിരുവന്തനപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിൽ (12695) 17-ന് 188-ആണ്. ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിൽ സ്ലീപ്പർ ക്ലാസിൽ ഒക്‌ടോബർ വെയ്റ്റിങ് ലിസ്റ്റ് 188 വീതമാണ്. ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് (12685) തീവണ്ടികളിൽ ഓക്‌ടോബർ 16-നുള്ള തീവണ്ടികളിൽ സ്ലീപ്പർ ക്ലാസിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.
തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ പ്രത്യേക തീവണ്ടികൾ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഓണത്തിന് നാട്ടിലേക്ക് പല തീവണ്ടികളും അവസാനഘട്ടത്തിലാണ് അനുവദിച്ചിരുന്നത്.
തമിഴ്‌നാട്ടിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചുകഴിഞ്ഞതിനുശേഷം കോച്ചുകൾ ബാക്കിയുണ്ടെങ്കിൽമാത്രമേ കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കൂവെന്ന ദക്ഷിണറെയിൽവേയുടെ നിലപാട് തിരുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ഒക്‌ടോബർ 22-നും 25-നും നാട്ടിൽനിന്ന് ചെന്നൈയിലേക്കുള്ള തീവണ്ടികളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്.