പടക്കം പൊട്ടിക്കാൻ രണ്ടു മണിക്കൂർ മാത്രം അനുമതി

ചെന്നൈ : ദീപാവലി ദിനത്തിൽ തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കാൻ രണ്ടു മണിക്കൂർ മാത്രം അനുമതി. രാവിലെ ആറു മുതൽ ഏഴു വരെയും വൈകീട്ട് ഏഴു മുതൽ എട്ടുവരെയും മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് മലിനീകരണ നിയ്രന്തണ ബോർഡ് ഉത്തരവിട്ടു. കുറഞ്ഞ ശബ്ദമുള്ളതും മലിനീകരണം കുറഞ്ഞതുമായ ഹരിത പടക്കങ്ങൾ ഉപയോഗിക്കാം. പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയോ അനുമതി വാങ്ങണം. ഉയർന്നതോതിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കുന്നത് ഒഴിവാക്കണം. പടക്ക ശബ്ദത്തിന്റെ തീവ്രത താത്കാലികമോ അല്ലെങ്കിൽ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകും. അന്തരീക്ഷം, ജലം എന്നിവയുടെ മലിനീകരണത്തിനൊപ്പം പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ഇതു ബാധിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പു നൽകി. ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും കുടിലുകൾ ഉൾപ്പെടെ തീപ്പിടിത്ത സാധ്യതയുള്ള ഇടങ്ങളിലും പടക്കം പൊട്ടിക്കരുത്. 2018-ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമേ നിർമിക്കാനും വിൽക്കാനും പാടുള്ളൂ. ഇത് ഉറപ്പുവരുത്താനായി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് വിപുലമായ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവ വഴിയാണ് പ്രചാരണം.