മണ്ഡലപുനർനിർണയം കേന്ദ്രസർക്കാരിനുനേട്ടമായി ഡി.എം.കെ. പിന്തുണ

ചെന്നൈ : മണ്ഡലപുനർനിർണയ ബില്ലിനെ എതിർത്തിരുന്ന ഡി.എം.കെ. ഒടുവിൽ ഇതിന് പിന്തുണനൽകിയത് കേന്ദ്രസർക്കാരിന് വൻ നേട്ടമായി. ഡി.എം.കെ.യുടെ പിന്തുണ നേടിയെടുക്കാൻ ബി.ജെ.പി. ഏതാനും മാസമായി നടത്തിവന്ന തന്ത്രപരമായ നീക്കങ്ങളുടെ വിജയംകൂടിയായി ഇത്. ഇന്ത്യസഖ്യത്തിന് വലിയ തിരിച്ചടിയുമായി.
25 വർഷത്തേക്ക് മണ്ഡലപുനർനിർണയം വേണ്ടെന്ന് 2025 മാർച്ചിൽ ആവശ്യപ്പെട്ട പാർട്ടിയാണ് ഡി.എം.കെ.യെന്നും എന്നാൽ, തമിഴ്നാടിന്റെ താത്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും മനസ്സിലാക്കിയതുകൊണ്ടാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും ശനിയാഴ്ച ഡി.എം.കെ. എം.പി.മാരുടെ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു.
7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡലപുനർനിർണയം ന്യായമായി വേണമെന്നും ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് ഡി.എം.കെ. പിന്തുണനൽകിയത്. ബി.ജെ.പി.യെ നിരന്തരം വിമർശിച്ചിരുന്ന ഡി.എം.കെ. എന്തുകൊണ്ട് പിന്തുണച്ചു എന്ന ചോദ്യത്തിന്, പാർട്ടിയുടെ നിലപാടുമായി വ്യവസ്ഥകൾ ഒത്തുപോകുന്നുവെങ്കിൽ എന്തുകൊണ്ട് പിന്തുണച്ചുകൂടെന്നായിരുന്നു ഡി.എം.കെ. എം.പി. എ. രാജയുടെ മറുചോദ്യം. പ്രതിപക്ഷത്തായാലും ഭരണത്തിലായാലും പാർട്ടിയുടെ നിലപാട് സ്ഥിരതയുള്ളതാണ്. കോൺഗ്രസ് ഒപ്പമുണ്ടായിരുന്നപ്പോഴും അതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും കോൺഗ്രസ് അംഗീകരിച്ച മുൻനിലപാടിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.കെ. നിലപാട് സ്വീകരിച്ചത്.
നിലവിൽ കോൺഗ്രസുമായി സഖ്യത്തിലല്ലാത്തതിനാൽ തങ്ങൾ പുതിയ നിലപാട് സ്വീകരിച്ചെന്ന് ചിത്രീകരിക്കുന്നത് മോശം പ്രവൃത്തിയാണെന്നും രാജ പറഞ്ഞു. അതേസമയം, മുൻ നിലപാടിൽനിന്നുള്ള ഡി.എം.കെ.യുടെ പിൻമാറ്റം കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. ഇതിനെ സ്റ്റാലിൻ കൃത്യമായ മറുപടികളിലൂടെ പ്രതിരോധിച്ചു.
ബില്ലിന് പിന്തുണ നിരസിക്കുന്നത്, 1971-ലെ ജനസംഖ്യാ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും മണ്ഡലങ്ങളിൽ 50 ശതമാനം വർധന ഉറപ്പാക്കാനുള്ള അവസരം നഷ്ടപ്പെടുത്താനിടയാക്കും. ഇത്തരം പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചത്. വിഷയത്തെ വൈകാരികമായി കാണാതെ ചിന്തിച്ചുവിലയിരുത്തുകയാണ് വേണ്ടതെന്നും സ്റ്റാലിൻ അഭ്യർഥിച്ചു.
2024 മുതൽ പാർട്ടിനടത്തുന്ന നിരന്തര പോരാട്ടത്തിനൊപ്പംതന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തം വിജയമായി ഇതിനെ കാണണമെന്നും സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ.യ്ക്ക് ലോക്സഭയിൽ 22-ഉം രാജ്യസഭയിൽ എട്ടും എം.പി.മാരാണുള്ളത്. മുഖ്യമന്ത്രിയായിരിക്കെ സ്റ്റാലിൻ 2025-ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സംയുക്ത കർമസമിതി യോഗം വിളിച്ചിരുന്നു. ലോക്സഭാസീറ്റുകളുടെ എണ്ണത്തിലും സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണത്തിലുമുള്ള നിയന്ത്രണം 25 വർഷത്തേക്കുകൂടി നീട്ടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.