തിരഞ്ഞെടുപ്പു കമ്മിഷന്റെ യോഗത്തിൽനിന്ന് രാഷ്ട്രീയ കക്ഷികൾ ഇറങ്ങിപ്പോയി

ചെന്നൈ : വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ സമ്മറി റിവിഷനെ (എസ്.എസ്.ആർ.)ക്കുറിച്ച് ചർച്ച ചെയ്യുന്നതിന് തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഇറങ്ങിപ്പോയി. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇറങ്ങിപ്പോക്ക്.
അടുത്തവർഷം ജനുവരി നാലിന് പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തരത്തിൽ തമിഴ്നാടും കേരളവും ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ എസ്.എസ്.ആർ. നടത്താനാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്നായിക് വിളിച്ച യോഗത്തിലേക്ക് 13 അംഗീകൃത രാഷ്ട്രീയ കക്ഷികളെയാണ് ക്ഷണിച്ചിരുന്നത്.
ഭരണകക്ഷിയായ ടി.വി.കെ.യും സഖ്യകക്ഷികളും പ്രതിപക്ഷ ഡി.എം.കെയും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയപ്പോൾ അണ്ണാ ഡി.എം.കെയും ബി.ജെ.പി.യും പങ്കെടുത്തു.
തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണർ രാജിവെക്കണമെന്ന ആവശ്യം യോഗം തുടങ്ങിയപ്പോൾത്തന്നെ നേതാക്കൾ ഉയർത്തുകയായിരുന്നു.
തുടർന്ന് ടി.വി.കെ, സഖ്യകക്ഷികളായ കോൺഗ്രസ്, വി.സി.കെ, മുസ്ലിം ലീഗ്, സർക്കാരിനെ പിന്തുണയ്ക്കുന്ന സി.പി.എം., സി.പി.ഐ., എം.ഡി.എം.കെ. എന്നിവയുടെ പ്രതിനിധികൾ ഇറങ്ങിപ്പോയി. പ്രതിപക്ഷ ഡി.എം.കെ, ഡി.എം.ഡി.കെ, നാം തമിഴർ കക്ഷി, ആം ആദ്മി പാർട്ടി എന്നിവയും യോഗവേദി വിട്ടിറങ്ങി. ബി.എസ്.പി പ്രതിനിധികൾ യോഗത്തിനെത്തിയിരുന്നില്ല. അണ്ണാ ഡി.എം.കെ, ബി.ജെ.പി. പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി യോഗം തുടർന്നു.
എസ്.എസ്.ആർ. സംബന്ധിച്ച് തങ്ങൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് യോഗത്തിൽ തുടർന്നതെന്ന് അണ്ണാ ഡി.എം.കെ.യുടെ പ്രതിനിധികളായ ഡി. ജയകുമാറും പി. ധനപാലും പറഞ്ഞു. എസ്.എസ്.ആർ. സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിച്ച ശേഷമാണ് ഡി.എം.കെ, എൻ.ടി.കെ. പ്രതിനിധികൾ ഇറങ്ങിപ്പോയത്.
മന്ത്രി സി.ടി.ആർ. നിർമൽകുമാറാണ് ടി.വി.കെ.യെ പ്രതിനിധാനം ചെയ്ത് എത്തിയത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ചയും ചെന്നൈയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രകടനങ്ങൾ നടന്നു.